വാഷിങ്ടൺ: ലോകത്താകമാനം നാശം വിതക്കുന്ന കോവിഡ് മഹാമാരി ചൈന പടർത്തിയതാണെന്ന ആക്ഷേപം ഒരിക്കൽ കൂടി ആവർത്തിച്ച് യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ലോകത്ത് നാലര ലക്ഷം ആളുകളെ കൊന്നൊടുക്കിയ മഹാമാരിയെ 'കുങ്ഫ്ലു' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
കഴിഞ്ഞ വർഷം ചൈനീസ് നഗരമായ വുഹാനിൽ നിന്നും ഉത്ഭവിച്ച മഹാമാരിയെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് യു.എസ് ചൈനയെ നിരന്തരം വിമർശിക്കുക പതിവാണ്.
'ഞാൻ അതിനെ കുങ്ഫ്ലുവെന്ന് വിളിക്കും. 19 വ്യത്യസ്ഥ നാമങ്ങൾ അതിന് നൽകാൻ സാധിക്കും. ചിലർ അതിനെ വൈറസെന്ന് വിളിക്കുന്നു. ചിലർ അതിനെ ഫ്ലു (പകർച്ചപനി) എന്നാണ് വിളിക്കുന്നത്. എന്ത് മാറ്റമാണുള്ളത്. എനിക്ക് തോന്നുന്നത് നമുക്ക് 19 മുതൽ 20 പേരുകളുണ്ടെന്നാണ്' ട്രംപ് പറഞ്ഞു.
കോവിഡ് പടർന്നുപിടിച്ചതിന് ശേഷം ശനിയാഴ്ച ഒക്ലഹോമയിലെ ടുൽസയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
കൈകാലുകൾ മാത്രം ഉപയോഗിച്ച് പോരാടുന്ന ചൈനീസ് ആേയാധന കലയാണ് കുങ്ഫു. വുഹാനിൽ പ്രഭവകേന്ദ്രമായതിനാൽ 'വുഹാൻ വൈറസ്' എന്നും കോറോണ വൈറസിനെ ട്രംപ് ഭരണകൂടം വിശേഷിപ്പിച്ചിരുന്നു.
കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ നാശം വിതച്ച രാജ്യമാണ് അമേരിക്ക. 22 ലക്ഷം ആളുകൾക്ക് രോഗം ബാധിച്ചപ്പോൾ 1.19 ലക്ഷം പേർ മരണത്തിന് കീഴടങ്ങി.
റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി നവംബറിൽ നടക്കാൻ പോകുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് 74കാരനായ ട്രംപ്. വൈസ് പ്രസിഡൻറായ ജോ ബൈഡനാണ് ഡെമോക്രാറ്റ് സ്ഥാനാർഥിയായി മത്സരരംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.