ന്യൂയോർക്ക്: അമേരിക്കയിൽ കഴിയുന്ന മലയാളി മുസ്ലിംകൾ മികച്ച ജീവിത രീതിയിലൂടെ മറ്റുള്ളവർക്ക് വേണ്ടപ്പെട്ടവരായിത്തീരണമെന്ന് ഡോ.ഹുസൈൻ മടവൂർ. നോർത്ത് അമേരിക്കൻ നെറ്റ്വർക് ഒാഫ് മലയാളി മുസ്ലിം അസോസിയേഷൻ(നന്മ) സംഘടിപ്പിച്ച റമദാൻ സാംസ്കാരിക പരിപാടിയിൽ ഓൺലൈനിലൂടെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉന്നത സംസ്കാരവും സ്വഭാവവുമെന്ന നിലയിലാണ് ഇസ്ലാമിനെ മനസ്സിലാക്കേണ്ടത്. ഇസ്ലാമിക നിയമങ്ങൾ മുറുകെ പിടിച്ച് കൊണ്ട് തന്നെ ലോകത്തിന്‍റെ ഏത് കോണിലും മുസ്ലിമായി ജീവിക്കാനാകണം. ഒരിക്കലും സമൂഹത്തിൽ അന്യരാവരുത്. ബഹുസ്വര സമൂഹത്തിലെ ഇസ്ലാമിക ജീവിതത്തെ കുറിച്ച് പ്രത്യേകം പഠിക്കേണ്ടതുണ്ട്. പ്രവാചകൻ മുഹമ്മദ് നബി മദീനയിലെ യഹൂദ ഗോത്രങ്ങളുമായുണ്ടാക്കിയ കരാർ (Madeenah charter) ബഹുസ്വര സംസ്കാരത്തിന്‍റെ ആധാരശിലകളാണെന്നും അദ്ദേഹം വിശദീകരിച്ചു.
കോവിഡ് 19 മഹാമാരിയിൽ നിന്ന് ലോക ജനതക്ക് മുക്തി ലഭിക്കാനായി അദ്ദേഹം പ്രത്യേകം പ്രാർത്ഥനയും നടത്തി. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ നൂറ് കണക്കിന് മലയാളികൾ പരിപാടിയിൽ പങ്കെടുത്തു. ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയുമുള്ള തൽസമയ പരിപാടിയിലൂടെ വിവിധ രാഷ്ട്രങ്ങളിലെ മലയാളികളും പരിപാടി വീക്ഷിച്ചു. യു.എ. നസീർ ആദ്ധ്യക്ഷത വഹിച്ചു. സലിം ഇല്ലിക്കൽ സ്വാഗതവും പറഞ്ഞു.
റമദാൻ പ്രമാണിച്ച് നന്മ ഫെയ്ത്ത് ആന്‍റ് ഫാമിലി ചുമതലയുള്ള അബദുൽ റഷീദിന്‍റെ നേതൃത്വത്തിൽ പ്രശസ്ത പണ്ഡിതരും ഇസ്ലാമിക വാഗ്മികളുമായ റാഷിദ് ഗസ്സാലി, സിംസാറുൽ ഹഖ് ഹുദവി തുടങ്ങിയവരുടെയും വാരാന്ത്യ പ്രഭാഷണങ്ങളും നടന്നു. പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ: സുബൈർ ഹുദവിയുടെ ദിനേനയുള്ള റമദാൻ സന്ദേശങ്ങളിലും തുടർന്നുണ്ടായ ചോദ്യോത്തര സംശയ നിവാരണങ്ങളിലും നൂറുക്കണക്കിന് അമേരിക്കൻ യുവതി യുവാക്കളാണ് പങ്കെടുത്തത്.
റമദാൻ ഇരുപത്തി ഏഴാം രാവിൽ നടന്ന പരിപാടിയിൽ ഡോക്ടർ സുബൈർ ഹുദവി, അലിയാർ മൗലവി ഖാസിമി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. സയ്യിദ് ഖലീൽ ബുഖാരി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.