വാഷിങ്ടൺ: വംശവെറിക്കിരയായി കറുത്ത വംശജനായ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെ തുടർന്ന് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അഞ്ചാം ദിവസവും തുടരുന്നു. പ്രക്ഷോഭം അടിച്ചമർത്തുന്നതിനായി നാഷനൽ ഗാർഡ് സേനയെ വിന്യസിച്ചതിന് പുറമെ വ്യാപക അറസ്റ്റും നടക്കുന്നുണ്ട്.
ന്യുയോർക് മുതൽ ലോസ് ആഞ്ജലസ് വരെ തെരുവിലിറങ്ങിയ പ്രക്ഷോഭകർ പൊലീസ് വാഹനങ്ങളുൾപ്പെടെ കത്തിച്ചു. ഫിലെഡൽഫിയയിൽ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് 13 പൊലീസുകാർക്ക് പരിക്കേറ്റു. നാലു പൊലീസ് വാഹനങ്ങൾ കത്തിച്ചു. ഫ്ലോറിഡയിലെ ടെല്ലഹസ്സിയിൽ പ്രക്ഷോഭകർക്കിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയത് പരിഭ്രാന്തി പരത്തി. ട്രക്ക് തടഞ്ഞ് ഡ്രൈവറെ പിടികൂടിയ പൊലീസ്, ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ലോസ് ആഞ്ജലസിൽ പ്രക്ഷോഭകരും പൊലീസും നേർക്കുനേർ വരികയും ഉരസലുണ്ടാവുകയും ചെയ്തു. ഇവിടെ ഒരു പൊലീസ് കാർ അഗ്നിക്കിരയായി. ന്യുയോർക്കിൽ പ്രക്ഷോഭകരെ ലാത്തി ഉപയോഗിച്ച് നേരിടുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഇൻഡ്യാനപൊളിസിൽ വെടിവെപ്പ്: ഒരു മരണം
ഒന്നിലധികം വെടിവെപ്പ് നടന്ന ഇൻഡ്യാനപൊളിസിൽ ഒരാൾ മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. പ്രക്ഷോഭം അരങ്ങേറുന്നതിനിടെ നടന്ന വെടിവെപ്പിൽ പൊലീസിന് പങ്കില്ലെന്ന് ഇൻഡ്യാനപൊളിസ് പൊലീസ് തലവൻ റൻഡൽ ടൈലർ പറഞ്ഞു.
1400ഓളം പേർ അറസ്റ്റിൽ
പ്രക്ഷോഭം തുടരുന്നതിനിടെ 17 നഗരങ്ങളിലായി 1,400ഓളം പേർ അറസ്റ്റിലായി. ഇതിൽ 500ലേറെ പേരും ലോസ് ആഞ്ജലസ് നഗരത്തിലാണ്. അതേസമയം, അറസ്റ്റ് പ്രക്ഷോഭത്തെ ബാധിച്ചിട്ടില്ല. അറസ്റ്റ് തുടരുേമ്പാഴും കൂടുതൽ നഗരങ്ങളിലേക്ക് പ്രക്ഷോഭം പടരുകയാണ്. അസോസിയേറ്റ് പ്രസ് നൽകുന്ന വിവരമനുസരിച്ച് 1383 പേരാണ് ഇതുവരെ അറസ്റ്റിലായത്. എന്നാൽ സംഖ്യ ഇനിയും കൂടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂടുതൽ നഗരങ്ങളിൽ കർഫ്യൂ
പ്രധാനപ്പെട്ട ഒരു ഡസനിലേറെ നഗരങ്ങളിൽ കൂടി രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. സൗത് കരോലൈന, ഒഹായോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൈകീട്ട് ആറുമുതൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോളിവുഡ് നടന് വെടിയേറ്റു
ലോസ് ആഞ്ജലസിൽ പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ റബർ ബുള്ളറ്റ് കൊണ്ട് ഹോളിവുഡ് നടൻ കെൻട്രിക് സാംപ്സണ് പരിക്ക്. പ്രക്ഷോഭത്തെ അനുകൂലിച്ച് തെരുവിലിറങ്ങി ഇൻസ്റ്റഗ്രാമിൽ ലൈവ് വിഡിയോ ചെയ്യുന്നതിനിടെയാണ് വെടിയേറ്റത്. നാലു തവണ തനിക്കുനേരെ വെടിയുതിർത്തതായി താരം അറിയിച്ചു. എച്ച്.ബി.ഒയുടെ ‘ഇൻസെക്യുർ’ സീരീസിലൂടെ ശ്രദ്ധേയനായ താരം, പ്രക്ഷോഭത്തെ അനുകൂലിച്ച് ഒട്ടേറെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
െഎക്യദാർഢ്യവുമായി ഹോളിവുഡ്
ജോർജ് ഫ്ലോയ്ഡിന് നീതി വേണമെന്നാവശ്യപ്പെട്ട് ഹോളിവുഡ് താരങ്ങൾ രംഗത്ത്. താരങ്ങളായ ബിയോൺസ്, റിഹാന, ലേഡി ഗഗ, ഡ്വയൻ ജോൺസൺ, സലീന ഗോമസ്, കിം കർദാഷിയാൻ ഉൾപ്പെടെയുള്ളവരാണ് സമൂഹ മാധ്യമങ്ങളിൽ ഇക്കാര്യമുന്നയിച്ചത്. പകൽവെളിച്ചത്തിൽ നടന്ന ഈ കൊലപാതകത്തിൽ നീതി ലഭ്യമാക്കണമെന്ന് ഗായികയും ചലച്ചിത്ര താരവുമായ ബിയോൺസ് ആവശ്യപ്പെട്ടു. വംശവെറി രാജ്യത്ത് തുടരുന്ന രോഗമാണെന്ന് ആക്ഷൻ താരം ജോൺസൺ പറഞ്ഞു.
എെൻറ ജനത ഓരോ ദിവസവും കൊല്ലപ്പെടുന്നത് ഏറെ ആഘാതമുണ്ടാക്കുന്നതാണെന്ന് ഗായികയും നടിയുമായ റിഹാന പറഞ്ഞു.
ജാമ്യത്തുകയുമായി താരങ്ങൾ
പ്രക്ഷോഭത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം ലഭിക്കുന്നതിന് വേണ്ടിയുള്ള ധനസമാഹരണത്തിലും ഹോളിവുഡിെൻറ സജീവ സാന്നിധ്യം.
മോഡൽ ക്രിസി ടൈഗെൻ, സംവിധായകരായ സഫാദി സഹോദരങ്ങൾ, നടനും എഴുത്തുകാരനുമായ സെത് റോജൻ, സംവിധായകൻ അവ ഡുവെർണെ, പോപ് ഗായിക ഹാൽസെ, കൊമേഡിയൻ റേ സണ്ണി, നടൻമാരായ ബെൻ പ്ലറ്റ്, സ്റ്റീവ് കാരെൽ, അബ്ബി ജേകബ്സൺ, ബെൻ ഷ്വാർട്സ് ഉൾപ്പെടെയുള്ളവരാണ് സംഭാവനുയുമായി രംഗത്തെത്തിയത്. ക്രിസി ടൈഗെൻ ഒരു ലക്ഷവും ഹാൽസെ അരലക്ഷം േഡാളറുമാണ് സംഭാവന ചെയ്തത്. ആവശ്യമെങ്കിൽ ഇനിയും സംഭാവന നൽകുമെന്ന് അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.