ലാസ്വെഗാസ്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തേതുമായ സംവാദത്തില്‍ ചൂടേറിയ വാദപ്രതിവാദങ്ങളുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനും റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും. ലാസ്വെഗാസിലെ നെവേദ യൂനിവേഴ്സിറ്റിയില്‍ നടന്ന മൂന്നാമത്തെ സംവാദത്തിലും ഹിലരിക്കുതന്നെയാണ് മേല്‍ക്കൈ എന്നാണ് വിലയിരുത്തല്‍. സി.എന്‍.എന്‍ അഭിപ്രായ സര്‍വേയില്‍ ഹിലരിക്ക് 52ഉം ട്രംപിന് 39 ശതമാനവും വോട്ടുകള്‍ ലഭിച്ചു. ഗര്‍ഭഛിദ്രം, തോക്കുനിയമം, കുടിയേറ്റം, വിദേശനയം എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു ചര്‍ച്ച.
അതിനിടെ നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അന്തിമഫലം അംഗീകരിക്കുമോയെന്ന മോഡറേറ്ററുടെ ചോദ്യത്തിന് ഡൊണാള്‍ഡ് ട്രംപ് കൃത്യമായ മറുപടിനല്‍കിയില്ല. ‘അന്തിമഫലം വരട്ടെ അപ്പോള്‍ പറയാം അതുവരെ സസ്പെന്‍സ് നിലനിര്‍ത്തും’ എന്നായിരുന്നു മറുപടി.
തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ട്രംപ് ആരോപിച്ചിരുന്നു. ആദ്യ സംവാദത്തില്‍ ഹിലരി ക്ളിന്‍റന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച ട്രംപിന്‍െറ മുന്‍ നിലപാടിന് കടകവിരുദ്ധമാണ് ഇപ്പോഴത്തെ മറുപടി. ട്രംപിന്‍െറ വൈസ്പ്രസിഡന്‍റ് സ്ഥാനര്‍ഥി മൈക്ക് പെന്‍സും തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ട്രംപിന്‍െറ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്നും ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ഹിലരി തുറന്നടിച്ചു. ട്രംപിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം മുടക്കുന്നത് തോക്ക് ലോബിയാണ്. തോക്ക് കൈവശംവെക്കുന്നതിന് പുതിയ നിയമം ആവശ്യമാണ്. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടാല്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ കളിപ്പാവയായി മാറുമെന്നും അവര്‍ ആരോപിച്ചു.
വിക്കിലീക്സുമായി ഒത്തുകളിച്ച് റഷ്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സി അമേരിക്കക്കെതിരെ ചാരപ്പണി നടത്തുകയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാല്‍, ഇ-മെയില്‍ ചോര്‍ത്തിയതിന്‍െറ യാഥാര്‍ഥ്യത്തെക്കുറിച്ച് ഹിലരിക്ക് അറിയില്ളെന്നും റഷ്യയും യു.എസും ഒരുമിച്ചാല്‍ ഐ.എസിനെ തുരത്താമെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ സൈന്യത്തെയും ഇന്‍റലിജന്‍സിനേക്കാളും കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നത് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെയാണെന്ന് ഹിലരി തിരിച്ചടിച്ചു.
എല്ലാവരെയും വെറുപ്പിക്കുന്ന സ്ത്രീയെന്നാണ് ട്രംപ്, ഹിലരിയെ വിശേഷിപ്പിച്ചത്. സ്ത്രീകളോടുള്ള ട്രംപിന്‍െറ നിലപാട് ഒരിക്കല്‍കൂടി ചര്‍ച്ചാവിഷയമായി. സ്ത്രീകളോട് മോശമായി പെരുമാറുന്ന ട്രംപ് പ്രസിഡന്‍റ് പദവിക്ക് യോഗ്യനല്ളെന്ന ഹിലരിയുടെ പ്രസ്താവനയില്‍ തനിക്കെതിരെ രംഗത്തുവന്ന സ്ത്രീകളുടെ ആരോപണം പച്ചക്കള്ളമാണെന്നും മാധ്യമങ്ങള്‍ വോട്ടര്‍മാരുടെ മനസ്സില്‍ വിഷം പുരട്ടുകയാണെന്നും ട്രംപ് ആവര്‍ത്തിച്ചു.
രാജ്യത്തിന് തുറന്ന അതിര്‍ത്തിയാണ് വേണ്ടതെന്ന ഹിലരിയുടെ നിര്‍ദേശത്തെ ട്രംപ് എതിര്‍ത്തു. അമേരിക്കക്ക് സുരക്ഷിത അതിര്‍ത്തിയാണ് ആവശ്യം. ഹിലരി മുന്നോട്ടുവെച്ച നികുതിനിരക്ക് ജനങ്ങളില്‍ നികുതിഭാരം ഇരട്ടിയായി വര്‍ധിപ്പിക്കും. ഇന്ത്യ ഏഴുശതമാനവും ചൈന എട്ടുശതമാനവും സാമ്പത്തികവളര്‍ച്ച നേടിയപ്പോള്‍ അമേരിക്ക ഒരുശതമാനം വളര്‍ച്ച മാത്രമാണ് നേടിയത്.
പ്രസിഡന്‍റായാല്‍ അമേരിക്കയെ കൂടുതല്‍ മികച്ചതാക്കുമെന്നും ട്രംപ് പറഞ്ഞു. അവസരം ലഭിച്ചാല്‍ ജനങ്ങളുടെ പ്രസിഡന്‍റായി പ്രവര്‍ത്തിക്കും.
പ്രസിഡന്‍റ് ബറാക് ഒബാമയുടെ സാമ്പത്തികനയങ്ങള്‍ രാജ്യത്തിന്‍െറ വളര്‍ച്ചക്ക് സഹായിച്ചെന്നാണ് അഭിപ്രായമെന്ന് ഹിലരി വ്യക്തമാക്കി.
സംവാദത്തിനു മുമ്പും ശേഷവും ഇരു സ്ഥാനാര്‍ഥികളും ഹസ്തദാനം നല്‍കാന്‍ തയാറായില്ല എന്നതും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.