വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡൻറ് ജോൺ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് നാഷനൽ ആർക്കൈവ്സില്‍ സൂക്ഷിച്ചിരുന്ന 2891 രഹസ്യരേഖകൾ പുറത്തുവിട്ടു. കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. അതേസമയം, രഹസ്യരേഖകളുടെ ഒരു ഭാഗം മാത്രമാണ് യു.എസ് സർക്കാർ ഓൺലൈനായി പുറത്തുവിട്ടത്.
രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാൽ സി.ഐ.എയുടെയും എഫ്.ബി.ഐയുടെയും അഭ്യർഥന മാനിച്ച് ചില സുപ്രധാനരേഖകൾ പുറത്തുവിടാതെ മാറ്റിവെക്കുകയായിരുന്നു. കെന്നഡിയുടെ ഘാതകനെന്നുകരുതുന്ന ലീ ഹാർവി ഒസ്വാൾഡിനെതിരെ വധഭീഷണിയുയർന്ന സാഹചര്യത്തിൽ ഡാളസ് പൊലീസിന് എഫ്.ബി.െഎ മുന്നറിയിപ്പുനൽകിയതായി രേഖകളിലുണ്ട്. ഒസ്വാൾഡിന് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും അന്നത്തെ എഫ്.ബി.െഎ മേധാവിയായിരുന്ന ജെ എഡ്ഗർ ഹൂവർ ജാഗ്രതനൽകുകയുണ്ടായി. കെന്നഡിയുടെ മരണം നടന്ന് രണ്ടുദിവസത്തിനുശേഷം ഡാളസ്പൊലീസ് സ്റ്റേഷനിൽ ഒസ്വാൾഡിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയാണ് വെടിവെച്ചതെന്നും കണ്ടെത്തി. ജാക്ക്റൂബി പിന്നീട് ജയിലിൽ െവച്ച് അർബുദബാധിതനായി മരിച്ചു. മുൻനാവികനും സോവിയറ്റ് അനുഭാവിയുമായിരുന്നു ഒസ്വാൾഡ്. മെക്സികോസിറ്റിയിലെ റഷ്യൻ എംബസിയിൽ വെച്ച് ഇയാൾ റഷ്യൻ ചാരസംഘടനയായ കെ.ജി.ബി ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയതായും രേഖകളിൽ സൂചനയുണ്ട്.
കെന്നഡി വധത്തിനുശേഷം യു.എസ്, യു.എസ്.എസ്.ആറിനുേനരെ മിസൈൽ ആക്രമണം നടത്തുമെന്ന് സോവിയറ്റ് ഉദ്യോഗസ്ഥർ ഭയപ്പെട്ടിരുന്നുവത്രെ. കെന്നഡി വധിക്കപ്പെടുന്നതിന് മണിക്കൂറുകൾക്കുമുമ്പ് ബ്രിട്ടനിലെ പ്രാദേശികപത്രമായ കാംബ്രിജ് ന്യൂസിന് യു.എസിൽ നിന്ന് വലിയൊരു വാർത്ത വരാനിരിക്കുന്നുവെന്ന് അജ്ഞാതടെലിഫോൺ സന്ദേശം ലഭിച്ചിരുന്നതായും വെളിപ്പെടുത്തുന്നുണ്ട്. 1963 നവംബർ 22നാണ് കെന്നഡി ഡാളസിൽ വെച്ച് വെടിയേറ്റു മരിച്ചത്. ജോൺ എഫ്. കെന്നഡിവധവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണരേഖകളും ഘട്ടംഘട്ടമായി പുറത്തുവിടണമെന്ന് 1992ൽ യു.എസ് കോൺഗ്രസ് ഉത്തരവിട്ടിരുന്നു. സമയപരിധിയുടെ ഒരുഘട്ടം കഴിഞ്ഞദിവസം അവസാനിച്ചു. 2018 ഏപ്രിൽ 26 ആണ് അടുത്ത തീയതി. ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോ ഉൾപ്പെടെയുള്ള ലോകനേതാക്കളെ വധിക്കാൻ സി.െഎ.എ പദ്ധതിയിട്ടതിെൻറ വിശദവിവരങ്ങളും രേഖകളിലുണ്ട്. കെന്നഡി വധത്തിൽ പങ്കില്ലെന്ന് 1978ൽ യു.എസിനോട് ഫിദൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, കെന്നഡിവധത്തിലെ നിഗൂഢതകളെപ്പറ്റി അന്വേഷിക്കുന്ന വിദഗ്ധസംഘങ്ങൾക്ക് പുതിയരേഖകൾ സഹായകരമാകില്ലെന്നാണ് കരുതുന്നത്. കെന്നഡിയുടെ മരണത്തിനുപിന്നിൽ മാഫിയസംഘങ്ങളാണെന്നും ക്യൂബയാണെന്നും അതല്ല, മറ്റുരാജ്യങ്ങളിലെ രഹസ്യ ഏജൻറുമാരാണെന്നുമൊക്കെയുള്ള കഥകളാണ് പുറത്തുവന്നത്. സി.ഐ.എ തന്നെയാണു കെന്നഡിയെ കൊലപ്പെടുത്തിയതെന്ന വാദവുമുണ്ടായി. ഇത്തരം ആരോപണങ്ങളിലേക്ക് വെളിച്ചംവീശുന്ന വിവരങ്ങളൊന്നും പുതിയ രേഖകളിൽ ഉണ്ടാകില്ലെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.