വാഷിങ്ടൺ: ചാരവൃത്തി കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് പാകിസ്താനിൽ തടവിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാനെത്തിയ മാതാവിനോടും ഭാര്യയോടും മനുഷ്യത്വരഹിതമായി പെരുമാറിയതിനെതിരെ യു.എസിലെ പാകിസ്താൻ എംബസിക്കുമുന്നിൽ പ്രതിഷേധം. ഇന്ത്യൻ, അഫ്ഗാൻ, ബലൂച് വംശജരായ ഒരു വിഭാഗം അമേരിക്കക്കാരാണ് പ്രതിഷേധം നടത്തിയത്്. ൈസനികകോടതിയിൽ നടത്തിയ വിചാരണ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായിരുന്നെന്നും ചടങ്ങ് സംഘടിപ്പിച്ച അമേരിക്കൻ ഫ്രൻറ്സ് ഒാഫ് ബലൂചിസ്ഥാൻ എന്ന സംഘടനയുടെ നേതാവ് അഹ്മർ മസ്തിഖാൻ പറഞ്ഞു.
കുൽഭൂഷെൻറ ഭാര്യയോടും മാതാവിനോടും താലി, ചെരിപ്പ്, പൊട്ട് എന്നിവ അഴിച്ചുമാറ്റാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെന്നും ചെരിപ്പ് പിന്നീട് കളവുപോയെന്നും അദ്ദേഹം പറഞ്ഞു. ‘ചെരിപ്പു കള്ളൻ പാകിസ്താൻ’ എന്നുപേരിട്ട പരിപാടിയിലേക്ക് എംബസി ഉദ്യോഗസ്ഥർക്ക് സമ്മാനിക്കാൻ ചെരിപ്പുമായാണ് പ്രതിഷേധക്കാരെത്തിയത്. പാകിസ്താൻ സ്വന്തം സംസ്കാരമാണ് പ്രകടിപ്പിച്ചതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഹിന്ദു സ്ത്രീകളുടെ മതപരവും വിശ്വാസപരവുമായ ചിഹ്നങ്ങളെയാണ് അവർ അപമാനിച്ചതെന്നും കുറ്റപ്പെടുത്തി.
എന്നാൽ, കൂടിക്കാഴ്ച ഒരുക്കിയതിന് പാക് സർക്കാറിനോട് കുൽഭൂഷൺ നന്ദിപറയുന്ന വിഡിയോ പാകിസ്താൻ പുറത്തുവിട്ടിരുന്നു. ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി കുൽഭൂഷണ് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ നാവികസേനയിൽ കമാൻഡർ പദവിയിലുള്ള ഉദ്യോഗസ്ഥനാണ് കുൽഭൂഷണെന്നാണ് പാകിസ്താൻ വാദം. എന്നാൽ, മുൻനാവിക ഉദ്യോഗസ്ഥനാണ് കുൽഭൂഷണെന്നാണ് ഇന്ത്യയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.