കറാക്കസ്: വെനിസ്വേലൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നികളസ് മദൂറോക്ക് ജയം. പ്രധാന പ്രതിപക്ഷം ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ചാണ് നിലവിലെ പ്രസിഡൻറായ മദൂറോ അടുത്ത ആറു വർഷത്തേക്കുകൂടി പദവി നിലനിർത്തിയത്. മദൂറോ 58 ലക്ഷം വോട്ടുകൾ നേടിയ തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയായ ഹെൻറി ഫാൽകന് 18 ലക്ഷം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 46.01 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
സാമ്രാജ്യത്വത്തിനെതിരായ വിജയമാണിതെന്ന് ഫലം പുറത്തുവന്നശേഷം മദൂറോ പ്രതികരിച്ചു. ഒരു പ്രസിഡൻറ് സ്ഥാനാർഥിക്കും ലഭിക്കാത്ത 68 ശതമാനം വോട്ട് ലഭിച്ചതായും പ്രതിപക്ഷം തന്നെ തെറ്റിദ്ധരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും വ്യാപക കൃത്രിമം നടന്നതായും പ്രതിപക്ഷ പാർട്ടികൾ പ്രസ്താവനയിൽ പറഞ്ഞു.
നേരേത്ത രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്നായ ഡെമോക്രാറ്റിക് യൂനിറ്റി റൗണ്ട്ടേബ്ൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്തിരുന്നു. ഇൗ പാർട്ടിയിലെ പ്രധാന നേതാക്കളായ ഹെൻറിക് കാപ്രിൾസ്, ലിയോപോൾഡോ ലോപസ് എന്നിവരെ മത്സരിക്കുന്നതിൽനിന്ന് മദൂറോ ഭരണകൂടം വിലക്കിയതിനെ തുടർന്നായിരുന്നു ഇത്. ഇതിെൻറ പ്രതിഫലനമെന്നോണം വോട്ടു ചെയ്യാനെത്തിയവരുടെ എണ്ണത്തിൽ വലിയ ഇടിവാണ് ഇപ്രാവശ്യമുണ്ടായത്. 2013ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ 80 ശതമാനമായിരുന്നു പോളിങ്.
അമേരിക്കയടക്കമുള്ള മദൂറോയുടെ എതിരാളികളും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് യു.എസ് പ്രതികരിച്ചു. മദൂറോ സർക്കാറിനെതിരെ യു.എസിെൻറ ഉപരോധം നിലവിലുണ്ട്.
ചിലി, കോസ്റ്ററീക്ക തുടങ്ങിയ രാജ്യങ്ങളും തെരഞ്ഞെടുപ്പിനെ തള്ളി രംഗത്തെത്തി. ഇടതുപക്ഷ രാഷ്ട്രീയത്തിന് മേൽക്കൈയുള്ള വെനിസ്വേലയിൽ ഉൗഗോ ചാവെസിനുശേഷമാണ് മദൂറോ അധികാരത്തിലേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.