വാഷിങ്ടൺ: 50 വർഷങ്ങൾക്കപ്പുറത്ത് ഒരു ഏപ്രിൽ നാലിനായിരുന്നു അമേരിക്കൻ സംസ്ഥാനമായ ടെന്നസിയിലെ െമംഫിസിൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ എന്ന കറുത്തവനായ ഇതിഹാസനായകൻ ക്രൂരമായി െകാല ചെയ്യപ്പെടുന്നത്. നഗരത്തിലെ ലോറെയ്ൻ മോട്ടലിെൻറ രണ്ടാം നിലയിൽ നിൽക്കെ വെള്ളക്കാരനായ ജെയിംസ് ഏൾ റെ എന്ന യുവാവായിരുന്നു അമേരിക്ക ആദരിച്ച ആ ജീവനെടുത്തത്. വംശവെറി ആവേശിച്ച യു.എസിൽ കറുത്തവനും വെളുത്തവനും ഒരേ പന്തിയിൽ ഉണ്ണുന്നതും ഒരേ വാഹനത്തിൽ ഒന്നിച്ചിരുന്ന് സഞ്ചരിക്കുന്നതും രാഷ്ട്രീയത്തിൽ തുല്യ അവകാശങ്ങൾ പങ്കിടുന്നതും സ്വപ്നംകണ്ട് അതിനായി ശബ്ദിച്ച വ്യക്തിയെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. അമേരിക്ക വിറച്ചുപോയ ആ മരണത്തിെൻറ ഒാർമകൾക്ക് നാളേക്ക് 50 തികയുന്നു.
മെംഫിസിൽ 1300 ഒാളം ശുചീകരണതൊഴിലാളികൾ പെങ്കടുത്ത സമരത്തിൽ പെങ്കടുക്കാൻ എത്തിയതായിരുന്നു മാർട്ടിൻ ലൂഥർ. െഎക്യം പുലരുന്ന ആ ‘വാഗ്ദത്ത ഭൂമി’യിലേക്ക് ഇനിയൊരിക്കലും താൻ എത്തില്ലെന്നു പറഞ്ഞാണ് സമരപ്പന്തലിൽ നിന്ന് മടങ്ങിയിരുന്നത്. ദിവസങ്ങളോളം നിഴലായി ഒപ്പംനടന്ന കൊലപാതകി ഉന്നംപിടിച്ച് റോഡിെൻറ മറുവശത്തെ കെട്ടിടത്തിൽ കണ്ണുംനട്ടിരുന്നതറിയാതെ രാവിലെ പുറത്തിറങ്ങിയ ഉടനായിരുന്നു രക്തസാക്ഷിത്വം.
മോണ്ട്ഗോമറി ബസ് സമരം
പള്ളിവികാരിയായി സേവനമനുഷ്ഠിച്ചുവരുകയായിരുന്ന 23 കാരൻ മാർട്ടിനെ അവകാശപ്പോരാട്ടങ്ങളുടെ തേരാളിയാക്കി മാറ്റിയത് 1955ലെ മോണ്ട്ഗോമറി ബസ് സമരമാണ്. വെള്ളക്കാർ കയറിയാൽ കറുത്തവൻ ബസിൽ സീറ്റൊഴിഞ്ഞുകൊടുക്കണമെന്ന അലിഖിത നിയമം യു.എസിലുണ്ടായിരുന്നു. ഇത് അവഗണിച്ച് വെളുത്തവൻ ആവശ്യപ്പെട്ടിട്ടും സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിെൻറ പേരിൽ റോസ പാർക്സ് എന്ന വനിത അറസ്റ്റ് ചെയ്യപ്പെട്ടു. ഇളകിവശായ കറുത്തവർ ഇനി ബസിൽ കയറില്ലെന്ന തീരുമാനമെടുത്തു. 75 ശതമാനം യാത്രക്കാരും വിട്ടുനിന്നതോടെ മാസങ്ങൾ നീണ്ട സമരത്തിനൊടുവിൽ ഫെഡറൽ കോടതി കറുത്തവർഗക്കാർക്കനുകൂലമായി വിധി പറഞ്ഞു. ഒപ്പം, സമരം നയിച്ച മാർട്ടിൻ കറുത്തവെൻറ പ്രതീക്ഷയുമായി.
വാഷിങ്ടൺ മാർച്ച്
വെള്ളക്കാരെൻറ തോട്ടങ്ങളിലേക്ക് അടിമകളായി എത്തിച്ച ആഫ്രിക്കൻ വംശജരെ തുല്യരായി കാണാൻ ജനസംഖ്യയുടെ 86 ശതമാനം വരുന്ന വെള്ളക്കാരെൻറ മനസ്സ് അനുവദിച്ചിരുന്നില്ല. സഹിക്കാവുന്നതിലും അപ്പുറത്തായതോടെ 1963 ആഗസ്റ്റ് 28ന് തലസ്ഥാനനഗരമായ വാഷിങ്ടണിലേക്ക് പതിനായിരങ്ങൾ അണിനിരന്ന മാർച്ച് നയിച്ചത് മാർട്ടിൻ കിങ് ജൂനിയർ. ലിങ്കൺ സ്മാരകത്തെ സാക്ഷിനിർത്തി അന്നു നടത്തിയ ‘എനിക്കും ഒരു സ്വപ്നമുണ്ട്’ എന്ന പ്രഭാഷണം ഇന്നും ലോകമൊട്ടുക്കും അവകാശപോരാട്ടങ്ങളുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണ്. മൂന്നുലക്ഷത്തോളം പേരാണ് അന്ന് പെങ്കടുത്തത്- 80 ശതമാനവും കറുത്ത വർഗക്കാർ. അതിനുമുമ്പും ശേഷവും യു.എസ് അതുപോെലാരു അവകാശപ്പോരാട്ടം കണ്ടിട്ടില്ലെന്ന് ചരിത്രം പറയുന്നു. ഇതിനു പിന്നാലെയായിരുന്നു 1964ലെ സിവിൽ അവകാശ നിയമവും പിറ്റേവർഷത്തെ വോട്ടവകാശനിയമവും പാസാകുന്നത്.
കെർണർ കമീഷനും മാർട്ടിൻ ലൂഥർ വധവും
1960 കളിൽ യു.എസിനെ പിടിച്ചുലച്ച് വംശീയ ആക്രമണങ്ങൾ പതിവു സംഭവമായതോടെ യു.എസ് പ്രസിഡൻറ് ലിണ്ടൻ ജോൺസൺ വെച്ച കെർണർ കമീഷൻ 1968 ഫെബ്രുവരി 29നാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. യു.എസിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരികതലങ്ങളിൽ വംശീയത അടിത്തട്ടിൽ വേരുപടർത്തിയതാണെന്നും താൽക്കാലിക നടപടികൾ കൊണ്ടുമാത്രം ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു റിപ്പോർട്ടിെൻറ ചുരുക്കം.
റിപ്പോർട്ട് മുന്നിൽവെച്ച് സമരം നയിച്ച മാർട്ടിൻ ലൂഥർ അഞ്ചാഴ്ചയാകുേമ്പാഴേക്ക് ഇതേ വംശീയതയുടെ രക്തസാക്ഷിയായി വീഴുകയും ചെയ്തു. വധിക്കപ്പെട്ട വാർത്ത പുറത്തുവന്നതോടെ രാജ്യത്തുടനീളം ആളിപ്പടർന്ന കലാപത്തിൽ നിരവധി പേരാണ് കൊലെചയ്യപ്പെട്ടത്. തലസ്ഥാന നഗരമായ വാഷിങ്ടൺ ഡി.സിയിൽ മാത്രം 13 പേർ കൊല്ലപ്പെട്ടു. അമേരിക്കയുടെ വിദേശ ഇടപെടലുകൾക്കെതിരെ ശക്തമായി നിലയുറപ്പിച്ച അദ്ദേഹം വിയറ്റ്നാം യുദ്ധത്തിെനതിരെ സ്വീകരിച്ച നിലപാട് ഭരണകൂടത്തിെൻറ ശത്രുവുമാക്കി. 1964ൽ നൊബേൽ പുരസ്കാരം ലഭിച്ചിട്ടും സർക്കാർ അദ്ദേഹത്തെ പൊതുശത്രുവായി കണ്ട് അകലത്തുനിർത്താനാണ് ശ്രമിച്ചത്.
മാർട്ടിൻ ലൂഥറുടെ മരണം അമേരിക്കൻ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നത് സത്യമാണ്. ഏപ്രിൽ നാല് പൊതുഅവധി നൽകിയ അമേരിക്ക ഏറെ ൈവകിയാണെങ്കിലും ബറാക് ഒബാമയിലൂടെ ഒരു കറുത്ത പ്രസിഡൻറിനെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നിട്ടും, അടുത്തിടെ കറുത്തവർക്കുനേരെ വംശീയത വീണ്ടും രൂക്ഷമായത് ‘കറുത്ത ജീവിതങ്ങൾക്കും പറയാനുണ്ട്’ പോലുള്ള സമരങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. അധികാരത്തിൽ പ്രാതിനിധ്യം കുറഞ്ഞും പൊലീസ് വേട്ടയുടെ ഇരകളായും അമേരിക്കയിൽ ആഫ്രിക്കൻ വംശജർ ഇപ്പോഴും വിവേചനം അനുഭവിക്കുകയാണ്.
50 മൈൽ താണ്ടി മിസിസിപ്പി-മെംഫിസ് മാർച്ച്
മിസിസിപ്പി: കറുത്തവരുടെ അവകാശപ്പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി മാർട്ടിൻ ലൂഥർ കിങ് ജൂനിയർ വധിക്കപ്പെട്ടതിെൻറ 50ാം വാർഷികാചരണത്തിെൻറ ഭാഗമായി യു.എസിൽ വിദ്യാർഥികളുടെ 50 മൈൽ യാത്ര.
മാർട്ടിൻ ലൂഥർ കൊലചെയ്യപ്പെട്ട മെംഫിസ് പട്ടണത്തിലേക്ക് മിസിസിപ്പിയിൽനിന്ന് കാൽനടയായാണ് സ്കൂൾ, കോളജ് വിദ്യാർഥികൾ മാർച്ച് നടത്തുന്നത്. ഇവർക്ക് അകമ്പടി സേവിച്ച് പൊലീസും സന്നദ്ധ സംഘടനകളുടെ വാഹനങ്ങളുമുണ്ട്. 14നും 19നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് വംശീയത അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി യാത്രക്കിറങ്ങിയത്.
മറ്റൊരു സംഭവത്തിൽ, വധത്തിനുമുമ്പ് ശുചീകരണത്തൊഴിലാളികളുടെ സമരവേദിയിൽ മാർട്ടിൻ ലൂഥർ നടത്തിയ പ്രഭാഷണം പുനരാവിഷ്കരിക്കുന്ന പരിപാടി ബോസ്റ്റണിൽ നടക്കും. അഞ്ചു മുതൽ 91 വരെ പ്രായമുള്ള നിരവധി പേരാണ് പ്രസംഗത്തിലെ പല ഭാഗങ്ങൾ സദസ്സിനു മുന്നിൽ അവതരിപ്പിച്ച് അരനൂറ്റാണ്ട് പഴക്കമുള്ള ഒാർമ പുതുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.