ഗസ്സ: വെടിനിർത്തൽ ചർച്ച ഖത്തറിലെ ദോഹയിൽ പുരോഗമിക്കുന്നതിനിടെ ഗസ്സയിൽ ഇസ്രായേൽ കനത്തആക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടവർ 77 ആയി. സെൻട്രൽ ഗസ്സയിലെ നുസൈറാത്, സുവൈദ, മഗാസി, ദൈർ അൽ ബലാഹ് എന്നിവിടങ്ങളിലെ ആക്രമണത്തിൽ ഡസനിലേറെ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു.
ഇസ്രായേൽ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച മവാസിയിലാണ് വ്യാഴാഴ്ച ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടത്. ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 45,581 ആയി. 1,08,438 പേർക്ക് പരിക്കേറ്റു. അതേസമയം, ഇസ്രായേലിനെ ലക്ഷ്യമാക്കി ഹൂതികൾ മിസൈൽ ആക്രമണം തുടരുകയാണ്. വെടിനിർത്തൽ ചർച്ചക്കായി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്, ആഭ്യന്തര സുരക്ഷ ഏജൻസി ഷിൻബെത്, സൈന്യം എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ സംഘം ദോഹയിലെത്തിയിട്ടുണ്ട്. 42 ദിവസം വീതമുള്ള മൂന്നുഘട്ട വെടിനിർത്തൽ നിർദേശമാണ് മുന്നിലുള്ളത്. ഹമാസ് ഇത് അംഗീകരിച്ചു. ഇസ്രായേൽ അംഗീകരിച്ചിട്ടില്ലെങ്കിലും ചർച്ചക്ക് സന്നദ്ധമാണെന്ന് അറിയിച്ചു. ചർച്ചയിൽ നേരിയ പുരോഗതിയുള്ളതായാണ് മധ്യസ്ഥ രാഷ്ട്രങ്ങളായ ഖത്തറും ഈജിപ്തും പറയുന്നത്.
അതിനിടെ, ഇസ്രായേൽ സൈന്യം വെടിനിർത്തൽ ധാരണകൾ ലംഘിക്കുന്നതായി ലബനീസ് സൈന്യം ആരോപിച്ചു. ദക്ഷിണ ലബനാനിൽ ഇസ്രായേൽ സൈന്യം വ്യാഴാഴ്ച രാത്രി ആക്രമണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.