വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് കക്ഷി സ്ഥാനാർഥി യെ തെരഞ്ഞെടുക്കുന്ന പ്രൈമറിയിൽ നിന്ന് സെനറ്റർ എലിസബത്ത് വാറൻ പിന്മാറി. മാർച്ച് മൂന്നിന് നടന്ന ‘സൂപ്പർ ചൊവ്വ’യിലെ മോശം പ്രകടനത്തെ തുടർന്നാണ് പിന്മാറ്റം.
ആദ്യഘട്ടത്തിൽ ഏറെ പ്രതീക്ഷ നൽകിയിരുന്ന വാറന്‍ സ്വന്തം സംസ്ഥാനമായ മസാചുസറ്റ്സിൽ ജോ ബൈഡനോട് അടിയറവ് പറയേണ്ടി വന്നിരുന്നു. വാറന്റെ പിന്മാറ്റത്തോടെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി ഒരു വനിതാ മൽസരിക്കാനുള്ള സാധ്യതയാണ് അവസാനിച്ചത്.
14 സംസ്ഥാനങ്ങളിൽ നടന്ന പ്രൈമറിയിൽ ഒമ്പതിടങ്ങളിലും മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ ഒന്നാമതെത്തി. കാലിഫോർണിയ ഉൾപ്പെടെ നാലിടങ്ങളിൽ ബേണി സാൻഡേഴ്സാണ് മുന്നിൽ. പ്രചാരണത്തിന് കോടികൾ പൊടിച്ച ന്യൂയോർക്ക് മുൻ മേയർ മിഷേൽ ബ്ലൂംബെർഗിനെ ഒരു സംസ്ഥാനവും പിന്തുണച്ചില്ല.
ഒരാഴ്ച വിശ്രമത്തിന് ശേഷം മാർച്ച് പത്തിന് ആറ് സംസ്ഥാനങ്ങളിൽ പ്രൈമറി നടക്കും. പ്രൈമറികൾ പൂർത്തിയാകുന്നതോടെ കൺവെൻഷനുകളാണ്. ഡെമോക്രാറ്റുകളുടെ കൺവെൻഷൻ ജൂലൈ 13 മുതൽ 16 വരെ വിസ്കോൺസനിലും റിപ്പബ്ലിക്കൻ കക്ഷിയുടേത് ആഗസ്റ്റ് 24നും 27നുമിടയിൽ നോർത്ത് കരോലൈനയിലും നടക്കും.
പ്രൈമറിയിൽ ഓരോ സംസ്ഥാനത്തു നിന്നും ഓരോ സ്ഥാനാർഥിക്കും ലഭിച്ച പ്രതിനിധികൾ കൺവെൻഷനിൽ വോട്ട് രേഖപ്പെടുത്തും. പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ് സാധാരണ പ്രതിനിധികളാവുക. ഇതിൽ 50 ശതമാനത്തിലധികം വോട്ടു ലഭിക്കുന്നയാളാകും പ്രസിഡന്റ് സ്ഥാനാർഥി. നവംബർ മൂന്നിനാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.