വാഷിങ്ടൺ: ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനും നിർമിക്കുന്നതിനുമുള്ള യു.എസ് സർക്കാർ നയത്തിൽ ഇളവ് വരുത്താൻ ഡോണൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ നയം സംബന്ധിച്ച കരട് റിപ്പോർട്ട് വായിച്ച മുൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യു.എസ് പ്രതിരോധ രംഗത്ത് ആണവായുധങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന മുൻ സർക്കാറുകൾ സ്വീകരിച്ച നയത്തിലാണ് മാറ്റത്തിന് പെൻറഗൺ ശ്രമമാരംഭിച്ചതെന്ന് ഒബാമ കാലത്തെ ഉന്നത ഉദ്യോഗസ്ഥൻ ജോൺ വോൾഫ്സ്തൽ ആണ് വെളിപ്പെടുത്തിയത്.
റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ പുതിയ ആയുധങ്ങൾ നിർമിക്കുന്നതിനും ട്രംപ് ഭരണകൂടത്തിെൻറ പുതിയ നയത്തിൽ നിർദേശമുണ്ട്. ഉത്തരകൊറിയയുടെ അടുത്ത കാലത്തുള്ള ഭീഷണികളുടെ സാഹചര്യംകൂടി പരിഗണിച്ചാണ് യു.എസ് ഇത്തരമൊരു സമീപനത്തിലേക്ക് കടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പെൻറഗണിെൻറ നിർദേശങ്ങൾ ട്രംപ് ഭരണകൂടം സ്വീകരിക്കാനാണ് കൂടുതൽ സാധ്യത. ഒബാമ കാലത്തേതിൽനിന്ന് വ്യത്യസ്തമായ പ്രതിരോധ-യുദ്ധ നയമാണ് തനിക്കുള്ളതെന്ന് ട്രംപ് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വെളിപ്പെടുത്തിയിരുന്നു.
1987ൽ ആണവായുധ ശക്തികളായ രാജ്യങ്ങൾ ഒപ്പിട്ട കരാർ തെറ്റിച്ച് റഷ്യ കരയിൽനിന്ന് വിക്ഷേപിക്കുന്ന ആണവ ക്രൂസ് മിസൈലുകൾ നിർമിച്ചതായി യു.എസ് ആരോപിക്കുന്നുണ്ട്. ഇതിനെ നേരിടാൻ കടലിൽനിന്ന് വിക്ഷേപിക്കുന്ന ആണവ ക്രൂസ് മിസൈലുകൾ ഉൽപാദിപ്പിക്കാനും കരട് നയത്തിൽ നിർദേശമുണ്ട്.
പുതിയ നയം ഗുരുതരമായ സാഹചര്യത്തിലേക്ക് ലോകരാഷ്ട്രീയത്തെ എത്തിക്കുമെന്ന് ആയുധനിയന്ത്രണത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ പ്രതികരിച്ചിട്ടുണ്ട്. ശീതയുദ്ധകാലത്തിന് സമാനമായ സാഹചര്യം ഇത് സൃഷ്ടിക്കുമെന്ന് അമേരിക്കൻ ആംസ് കൺട്രോൾ അസോസിയേഷൻ തലവൻ ഡാരിൽ കിംബാൾ പ്രതികരിച്ചു. മറ്റു രാജ്യങ്ങൾക്ക് ആണവായുധങ്ങൾ ഉൽപാദിപ്പിക്കുന്നതിന് ന്യായീകരണമാകും പുതിയ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.