വാഷിങ്ടൺ: ഫലസ്തീൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ)ക്ക് അമേരിക്ക നൽകിവന്ന ഫണ്ട് പകുതിയിലേറെ വെട്ടിക്കുറച്ചു. പ്രതിവർഷം 12.5 കോടി ഡോളർ സഹായം നൽകിയിരുന്നതാണ് നടപ്പുവർഷം മുതൽ ആറു കോടിയായി വെട്ടിച്ചുരുക്കിയത്. 1948ൽ യു.എന്നും യു.എസും മുൻകൈയെടുത്ത് ഫലസ്തീനെ വെട്ടിമുറിച്ച് ഇസ്രായേൽ രൂപവത്കരിച്ചതോടെ തെരുവിലായ ലക്ഷക്കണക്കിന് അഭയാർഥികളെ സഹായിക്കാൻ രൂപംനൽകിയ സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ലബനാൻ, ജോർഡൻ, സിറിയ തുടങ്ങി ലോകമൊട്ടുക്കും ചിതറിക്കിടക്കുന്ന 50 ലക്ഷത്തിലേറെ ഫലസ്തീൻ അഭയാർഥികൾക്ക് ഏഴു പതിറ്റാണ്ടായി അടിയന്തര സഹായമെത്തിക്കുന്നത് ഇൗ സംഘടനയാണ്. ഭക്ഷണം, വിദ്യാഭ്യാസം, അടിയന്തര ചികിത്സ, സാമൂഹിക സേവനം, വിദ്യാഭ്യാസം എന്നിവക്ക് വിവിധ രാജ്യങ്ങൾ നൽകിവന്ന സഹായമാണ് ഉപയോഗിക്കുന്നത്. ഇതിൽ 30 ശതമാനവും യു.എസ് വിഹിതമാണ്. ഇതിെൻറ അനേക ഇരട്ടി സഹായം നേരേത്ത നൽകിവരുന്ന ഇസ്രായേലിന് പിന്നെയും തുക വർധിപ്പിച്ചതിനിടെയാണ് ഫലസ്തീനികളുടെ ഫണ്ട് മരവിപ്പിക്കാൻ നീക്കം.
ജനുവരി മൂന്നിനാണ് ഫലസ്തീൻ അഭയാർഥി ഫണ്ട് വെട്ടിക്കുറക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയത്. ഫലസ്തീനികൾക്ക് നൂറുകണക്കിന് ഡോളർ ഒാരോ വർഷവും നൽകിയിട്ടും തിരിച്ച് ആദരം ലഭിക്കുന്നില്ലെന്നായിരുന്നു വിശദീകരണം. ഫലസ്തീനികൾ തങ്ങളുടെ ഭാവി ഭരണതലസ്ഥാനമായി കാണുന്ന ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച് ദിവസങ്ങൾക്കുമുമ്പ് ട്രംപ് വിവാദം സൃഷ്ടിച്ചിരുന്നു.
അതേസമയം, യു.എസ് തീരുമാനം അറിഞ്ഞിട്ടില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് പറഞ്ഞു. യു.എൻ.ആർ.ഡബ്ല്യു.എ ഫലസ്തീൻ സംഘടനയല്ലെന്നും യു.എന്നിനു കീഴിലാണെന്നും അമേരിക്കയുടെ നീക്കം ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇസ്രായേൽ നിർദേശപ്രകാരമാണ് യു.എസ് നീക്കമെന്നും പി.എൽ.ഒയുടെ മുതിർന്ന നേതാവ് ഹനാൻ അഷ്റാവി പറഞ്ഞു.
ലോകത്തിനു മുന്നിൽ കൈനീട്ടി യു.എൻ സംഘടന
ജറൂസലം: അരക്കോടിയിലേറെ ഫലസ്തീൻ അഭയാർഥികളുടെ ഭാവി തുലാസ്സിലാക്കി അമേരിക്ക സഹായം ഭാഗികമായി മരവിപ്പിച്ചതോടെ ലോകത്തിനു മുന്നിൽ കൈനീട്ടി യു.എൻ അഭയാർഥി സംഘടന. കടുത്ത ദാരിദ്ര്യവും ദുരിതവും തുടരുന്ന ഗസ്സ മുനമ്പിലെ 20 ലക്ഷം ഫലസ്തീനികളെയാണ് ഫണ്ട് ദാരിദ്ര്യം ഏറ്റവുമധികം ബാധിക്കുക. 1949ൽ നിലവിൽവന്ന സംഘടനക്കു കീഴിൽ പശ്ചിമേഷ്യയിലുടനീളം പ്രവർത്തിക്കുന്ന നൂറുകണക്കിന് ക്യാമ്പുകളും സ്കൂളുകളും ഇനിയും പ്രവർത്തിപ്പിക്കാൻ ആഗോള സമൂഹം സഹായിക്കണമെന്ന് യു.എൻ.ആർ.ഡബ്ല്യു.എ കമീഷണർ ജനറൽ പിയറി ക്രാഹെൻബഹൽ ആവശ്യപ്പെട്ടു. 700ഒാളം സ്കൂളുകൾ മാത്രം സംഘടനക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ പഠിക്കുന്നതാകെട്ട, 5,25,000 കുട്ടികൾ. ഗസ്സക്കു പുറമെ ജോർഡൻ, ലബനാൻ, സിറിയ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവ പ്രവർത്തിക്കുന്നത്.
സ്വന്തമായി ഭരണവും ദേശവുമില്ലാത്തവരെ ലോകം കൈപിടിക്കുന്നതുപോലും വെറുത്ത ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവാണ് ആദ്യമായി സംഘടന പിരിച്ചുവിടണമെന്ന നിർദേശവുമായി രംഗത്തുവന്നിരുന്നത്. ഫലസ്തീൻ വിഷയം ശാശ്വതമായി നിലനിർത്തുന്നത് ഇൗ സംഘടനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. യു.എസിെൻറ പുതിയ നീക്കത്തെ അദ്ദേഹം സ്വാഗതം ചെയ്തിട്ടുണ്ട്.
എന്നാൽ, യു.എസ് നീക്കത്തിനെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി ഫലസ്തീനി കുരുന്നുകളുടെ മാനുഷിക പ്രശ്നങ്ങളെ യു.എസ് ബന്ദിയാക്കിവെക്കുകയാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ കെന്നത് റോത് പറഞ്ഞു. പശ്ചിമേഷ്യയിലുടനീളമുള്ള അഭയാർഥികൾക്ക് തീരുമാനം ദൂരവ്യാപക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും തീരുമാനം പിൻവലിക്കണമെന്നും നോർവേ അഭയാർഥി കൗൺസിൽ സെക്രട്ടറി ജനറൽ ജാൻ ഇൗഗ്ലാൻഡ് ആവശ്യപ്പെട്ടു.
യു.എൻ.ആർ.ഡബ്ല്യു.എ എന്ന സംഘടന ഇല്ലാതായാൽ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും അപകടത്തിലാകുമെന്ന് അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.