വാഷിങ്ടൺ: ശീതയുദ്ധ കാലം മുതൽ റഷ്യയുമായി നിലവിലുള്ള ആണവായുധ കരാറിൽനിന്ന് യു.എസ് പിന്മാറി. യു.എസ് പ്രസിഡൻറ് റൊണാൾഡ് റീഗനും സോവ്യറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവും 1987ൽ ഒപ്പുവെച്ച മധ്യദൂര ആണവായുധ കരാറിൽനിന്നാണ് യു.എസ് ഔദ്യോഗികമായി പിൻവാങ്ങിയത്. 500 മുതൽ 5500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ആണവ, ആണവേതര മിസൈലുകൾ നിരോധിക്കുന്ന കരാർ നിർത്തലാക്കിയതോടെ ലോക വൻശക്തികൾക്കിടയിൽ പുതിയ ആയുധ മത്സരത്തിന് കളമൊരുങ്ങുമെന്ന് ആശങ്കയുണ്ട്.
ക്രൂസ് മിസൈൽ വൻതോതിൽ വിന്യസിച്ച് റഷ്യ കരാർ ലംഘനം നടത്തുന്നതായി യു.എസും നാറ്റോയും ആരോപിച്ചിരുന്നു. മാരക പ്രഹരശേഷിയുള്ള എസ്.എസ് 20 എന്ന മിസൈലുകൾ അതിർത്തി മേഖലകളിൽ 1979 മുതൽ റഷ്യ വ്യാപകമായി വിന്യസിച്ചതാണ്. പ്രതികാരമായി നാേറ്റായും സമാന ശേഷിയുള്ള മിസൈലുകൾ വിന്യസിച്ചിട്ടുണ്ട്. 90കളിൽ സോവ്യറ്റ് റഷ്യ തകർന്നതോടെ ഇവ അപകടകരമാവില്ലെന്ന് യു.എസ് കരുതിയിരുന്നു.
അടുത്തിടെ പുടിനു കീഴിൽ റഷ്യ വീണ്ടും വൻശക്തിയായി ആഗോള ഭൂപടത്തിൽ കരുത്തറിയിച്ചുതുടങ്ങിയതോടെയാണ് പഴയ മിസൈൽ പുതിയ വിഷയമാകുന്നത്. ആഗസ്റ്റ് രണ്ടിനകം ഇവ പൂർണമായി പിൻവലിക്കണമെന്നായിരുന്നു അന്ത്യശാസനം. നിശ്ചിത സമയം കഴിഞ്ഞും കരാർ പാലിക്കാത്തതോടെയാണ് കരാർ റദ്ദാക്കിയത്.
റഷ്യയുടെ പക്കലാണ് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആണവായുധങ്ങളുള്ളത്- 6500 എണ്ണം. 6185 ആയുധങ്ങളുമായി യു.എസ് തൊട്ടുപിറകിലുണ്ട്. ഫ്രാൻസ് (300), ചൈന (290), യു.കെ (215), പാകിസ്താൻ (140), ഇന്ത്യ (130), ഇസ്രായേൽ (80), ഉത്തര കൊറിയ (20) എന്നിവ തൊട്ടുപിറകിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.