വാഷിങ്ടൺ: ക്യൂബ-യു.എസ് ബന്ധം വീണ്ടും ഉലയുന്നു. ക്യൂബയിലെ യു.എസ് എംബസി ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ‘നിഗൂഢ ശബ്ദോപകരണം’ ഉപയോഗിച്ചുള്ള ആക്രമണത്തെത്തുടർന്ന് പകുതിയിലേറെ ഉദ്യോഗസ്ഥരെയും യു.എസ് പിൻവലിക്കുന്നു. ആക്രമണത്തെത്തുടർന്ന് 21 പേർക്ക് മസ്തിഷ്കത്തിന് ചെറുതായി ക്ഷതമേറ്റതായും കേൾവിത്തകരാർ, തലചുറ്റൽ പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായതായും റിപ്പോർട്ടുണ്ടായിരുന്നു. ഹോട്ടലുകളിൽ ഇത്തരം ആക്രമണത്തിന് സാധ്യതയുള്ളതിനാൽ ആളുകൾ ക്യൂബയിലേക്ക് യാത്ര െചയ്യുന്നതും വിലക്കിയിട്ടുണ്ട്.
ആക്രമണത്തെ കുറിച്ച് ഇരുരാജ്യങ്ങളും സംയുക്തമായി അന്വേഷണം നടത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു. ഹവാനയിലെ യു.എസ് എംബസി അടച്ചുപൂട്ടുന്ന കാര്യം പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എംബസിയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഉദ്യോഗസ്ഥരൊഴികെ ബാക്കിയെല്ലാവരും കുടുംബാംഗങ്ങൾ സഹിതം തിരിച്ചുപോരണമെന്ന് നിർദേശിച്ചിട്ടുമുണ്ട്. ക്യൂബയിലെ വിസ നടപടിക്രമങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു.
അതേസമയം, 2016 അവസാനം മുതൽ ഉദ്യോഗസ്ഥർക്കു നേരെയുണ്ടായിട്ടുള്ള ശബ്ദവീചി ആക്രമണത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ, ആക്രമണങ്ങളിൽ പങ്കില്ലെന്ന് ക്യൂബ അറിയിച്ചു. ആക്രമണം കഴിഞ്ഞവർഷം അവസാനം മുതൽ ഈ വർഷം സെപ്റ്റംബർ വരെ ഉണ്ടായിട്ടുെണ്ടന്നും കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ താമസസ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. ശീതകാലയുദ്ധത്തോടെ തകർന്ന നയതന്ത്രബന്ധം 2015ൽ ബറാക് ഒബാമയുടെ ഭരണകാലത്താണ് പുനഃസ്ഥാപിച്ചത്. ബന്ധം വിച്ഛേദിക്കുമെന്ന് അടുത്തിടെ ഇപ്പോഴത്തെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.