ആരോൺ ബുഷ്‌നെൽ! ലോകം കൺതുറക്കാൻ സ്വയം തീയായി മാറിയ യു.എസ് സൈനികൻ

വാഷിങ്ടൺ: ആരോരുമില്ലാത്ത ഗസ്സക്കാർക്ക് വേണ്ടി ആരോൺ ബുഷ്‌നെൽ എന്ന യു.എസ് സൈനികൻ സ്വയം തീനാളങ്ങളേറ്റുവാങ്ങി എരിഞ്ഞുകത്തി. ലോകം ലൈവായി അതു കണ്ടുനിന്നു. 10,000ലേറെ കുഞ്ഞുങ്ങളെയും അത്ര തന്നെ സ്ത്രീകളെയും അടക്കം മൊത്തം 30,000 ഗസ്സക്കാരെ ഇസ്രായേൽ കൊന്നൊടുക്കുന്നത് നോക്കി നിന്ന അതേ ലോകം, ആരോൺ ബുഷ്‌നെ​ലിന്റെ ജീവത്യാഗവും നോക്കി നിന്നു.

‘ഫലസ്തീന് സ്വാത​ന്ത്ര്യം നൽകൂ’ എന്നയാൾ അന്ത്യശ്വാസം വലിക്കുമ്പോഴും ലോകത്തോട് വിളിച്ചു പറഞ്ഞു. അമേരിക്കയിലെ ഇസ്രായേലിന്റെ എംബസിക്ക് മുന്നിലായിരുന്നു ആരോണിന്റെ ആത്മാഹുതി. യുദ്ധത്തിലും കൂട്ടക്കുരുതി നടത്തുന്നതിലും ഇസ്രായേലിന്റെ ഒക്കച്ചങ്ങാതിമാരായ തന്റെ രാഷ്ട്രത്തോടുള്ള പ്രതികരണം കൂടിയായിരുന്നു ഈ കടുത്ത പ്രതിഷേധം. യു.എസ് വ്യോമസേനയിൽ അംഗമാണെങ്കിലും ഈവംശഹത്യയോട് എനിക്ക് യോജിക്കാനാവില്ലെന്നും ഇതിൽ എനിക്ക് പങ്കില്ലെന്നും ആരോൺ മരണവേളയിൽ ഉറക്കെ വിളിച്ചുപറഞ്ഞു.

‘അവൻ ദയാലുവായിരുന്നു, ​കുട്ടിത്തം മാറാത്ത സൈനികനായിരുന്നു’

143 ദിവസം പിന്നിട്ടിട്ടും നിർത്താത്ത യുദ്ധക്കൊതിയിൽ ആരോൺ മനംതകർന്നിരിക്കുകയായിരുന്നു. ഇസ്രായേൽ സേന വീടും കിടപ്പാടവും തകർത്ത് ആട്ടിയോടിച്ച ഗസ്സക്കാർ വിശപ്പിനോടും രോഗത്തോടും പടവെട്ടി തമ്പടിച്ച റഫ മൈതാനിയിലും മരണം വിതക്കാനുള്ള ഇസ്രായേൽ തീരു​മാനം അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നു. ‘എയർഫോഴ്‌സിലെ ഏറ്റവും ദയാലുവായ, സൗമ്യനായ, കുട്ടിത്തംമാറാത്ത സൈനികൻ’ എന്നാണ് ആരോൺ ബുഷ്‌നെലിനെ ഒരു സുഹൃത്ത് വിശേഷിപ്പിച്ചത്.


ഗസ്സക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ അമേരിക്കൻ നിലപാടിനെ താൻ പിന്തുണയ്ക്കുന്നില്ലെന്ന് ലോകം അറിയണമെന്ന് 25 കാരനായ ആരോൺ ആഗ്രഹിച്ചു. ‘ഞാൻ വംശഹത്യയിൽ പങ്കാളിയാകില്ല’ എന്ന് പ്രഖ്യാപിച്ചാണ് വാഷിങ്ടൺ ഡിസിയിലെ ഇസ്രായേൽ എംബസിക്ക് പുറത്ത് അദ്ദേഹം ജീവനൊടുക്കിയത്. ട്വിച്ച് എന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ ലൈവ് സ്ട്രീം ചെയ്തായിരുന്നു ഈ കടുംകൈ ചെയ്തത്.

ടെക്‌സാസിലെ സാൻ അന്റോണിയോ സ്വദേശിയായ ആരോൺ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു. 2020 മേയിലാണ് യു.എസ് വ്യോമസേനയിൽ അംഗമായത്. മരണം വരെ അതിൽ തുടർന്നു.

രാവിലെ മാധ്യമങ്ങളെ അറിയിച്ചു, ഉച്ചയോടെ തീകൊളുത്തി

ഇന്നലെ രാവിലെ മാധ്യമപ്രവർത്തകർക്ക് ആരോൺ ഇമെയിൽ അയച്ചിരുന്നതായി പ്രതിഷേധവിവരം ആദ്യമായി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തക താലിയ ജെയ്ൻ പറഞ്ഞു. , "ഫലസ്തീൻ ജനതയെ വംശഹത്യ നടത്തുന്നതിനെതിരെ ഇന്ന് ഞാൻ തീവ്രമായ പ്രതിഷേധത്തിൽ ഏർപ്പെടാൻ പദ്ധതിയിട്ടിട്ടുണ്ട്. ട്വിച്ചിൽ തത്സമയം അത് സംപ്രേക്ഷണം ചെയ്യും’ എന്നായിരുന്നു മെയിൽ സന്ദേശം.

തുടർന്ന് ഉച്ചയോടെ ഇസ്രായേൽ എംബസിക്ക് സമീപത്തേക്ക് നടന്നുപോകുന്നത് മുതലുള്ള ദൃശ്യങ്ങൾ ലൈവിൽ കാണാം. മരണം ചിത്രീകരിക്കാൻ ഫോൺ താഴെ വെച്ച ശേഷം കുപ്പിയിൽ നിന്ന് ദ്രാവകം തലയിൽ ഒഴിച്ച് കുപ്പി വലിച്ചെറിഞ്ഞു. തുടർന്ന് തന്റെ ​സൈനിക യൂണിഫോം തൊപ്പി തലയിലണിഞ്ഞു. കീശയിൽനിന്ന് ലൈറ്റർ പുറത്തെടുത്ത് തീകൊളുത്തി. ഈ സമയത്ത് സ്ഥലത്തെത്തിയ പൊലീസുകാരൻ ‘ഞാൻ നിങ്ങളെ സഹായിക്കണോ?’ എന്ന് ചോദിക്കുന്നത് കേൾക്കാമെങ്കിലും തീ ആളിപ്പടർന്ന ഒരു മിനിറ്റോളം അയാൾ ഒന്നും ചെയ്യുന്നില്ല. എന്നുമാത്രമല്ല, ആരോണിന് നേ​രെ തോക്ക് ചൂണ്ടുന്നതും ദൃശ്യങ്ങളിൽ കാണാം. 

ഒടുവിൽ ഒരു സുരക്ഷാ ജീവനക്കാരൻ അഗ്നിശമന യന്ത്രം ഉപയോഗിച്ച് തീയണച്ചെങ്കിലും അപ്പോഴേക്കും ആരോണിന് ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ കണ്ണിൽചോരയില്ലാത്ത മനുഷ്യക്കുരുതിക്കും യു.എസ് പിന്തുണക്കുമെതിരെ അമേരിക്കയിലടക്കം നടക്കുന്ന പ്രതിഷേധങ്ങൾക്ക് കരുത്തുപകരാൻ ആരോണി​ന്റെ ജീവത്യാഗം വഴിയൊരുക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. 


Tags:    
News Summary - Aron bushnell: What we know about US serviceman who self-immolated in Gaza war protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.