പള്ളിയിൽ തനിച്ച് ദുഃഖാചരണം നടത്തുന്ന എലിസബത്ത് രാജ്ഞി

കോവിഡ് നിയന്ത്രണം; ഫിലിപ്പ് രാജകുമാരന് തനിച്ച് യാത്രമൊഴി നൽകി എലിസബത്ത് രാജ്ഞി

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൂറോളം പേരുമായി പാർട്ടി സംഘടിപ്പിച്ച വിവാദമൊഴിയുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ എലിസബത്ത് രാജ്ഞി ഒറ്റക്കാണ് അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാര​ന്‍റെ ദുഃഖാചരണചടങ്ങുകളിൽ പ​​ങ്കെടുത്തതെന്ന റിപ്പോർട്ടും പുറത്തുവന്നിരിക്കയാണ്. ഈ സാഹചര്യത്തിലാണ് ബോറിസ് ജോൺസണെതിരെ പ്രതിഷേധം പുകയുന്നത്.

സാമൂഹിക നിയന്ത്രണം കാറ്റിൽപറത്തി 2021 ഏപ്രിൽ 16ന് ബോറിസ് ജോൺസ​ന്‍റെ ഔദ്യോഗിക വസതിയിൽ മറ്റൊരു പാർട്ടി സംഘടിപ്പിച്ചതായി ദ ഡെയ്ലി ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. 30 ​ഓളം ആളുകളാണ് പ​ങ്കെടുത്തത്. അതി​ന്‍റെ പിറ്റേന്നായിരുന്നു ഫിലിപ്പ് രാജകുമാര​ന്‍റെ ദുഃഖാചരണം. കോവിഡ് നിയന്ത്രണമുള്ളതിനാൽ പള്ളിയിൽ രാജ്ഞി ഒറ്റക്ക് ഭർത്താവിന് വിടനൽകുന്നതി​ന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പാർട്ടിയിൽ പ​ങ്കെടുത്ത ജീവനക്കാർ സമീപത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് സൂട്ട്കേസ് നിറയെ മദ്യം വാങ്ങിയതായും റിപ്പോർട്ടിലുണ്ട്. പാർട്ടി സംഘടിപ്പിച്ചതിന് ബോറിസ് ജോൺസ​ന്‍റെ ഓഫിസ് എലിസബത്ത് രാജ്ഞിയോടും മാപ്പുപറഞ്ഞു. നേരത്തേ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ആണയിട്ട ബോറിസ് ജോൺസൺ പാർട്ടികൾ സംഘടിപ്പിച്ചതിന് വ്യത്യസ്ത കാരണങ്ങളാണ് പറയുന്നത്. തെറ്റുചെയ്തിട്ടില്ലെന്നും മഹാമാരിക്കാലത്ത് കഠിനപ്രയത്നം നടത്തിയവര്‍ക്ക് നന്ദിയറിയിക്കാനാണ് പാര്‍ട്ടി നടത്തിയതെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

അടുത്ത ബന്ധുക്കളായ രോഗികളെയും മരണപ്പെട്ട പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനോ അവരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനോ തടയുന്ന തരത്തിലുള്ള ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ നിര്‍ബന്ധിതരായപ്പോള്‍ പ്രധാനമന്ത്രി തന്നെ ഇത് ലംഘിച്ച് പാര്‍ട്ടികളില്‍ പങ്കെടുത്തത് കുറച്ചൊന്നുമല്ല ബ്രിട്ടനിലെ ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിഞ്ഞാല്‍ ആരാവും അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് ഇന്ത്യന്‍ വംശജരായ ചാൻസലർ റിഷി സുനക്, ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ എന്നിവരടക്കമുള്ള പേരുകളാണ് ഉയര്‍ന്നുവരുന്നത്.

Tags:    
News Summary - As queen mourned alone, UK gov’t staff held parties: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.