ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ 2004ൽ ഗ്രനേഡ് എറിഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ രണ്ട് മുൻ മന്ത്രിമാർ ഉൾപ്പെടെ 19പേർക്ക് വധശിക്ഷ. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും പ്രതിപക്ഷ പാർട്ടി നേതാവുമായ താരീഖ് റഹ്മാൻ അടക്കം 19പേർക്ക് ധാക്ക കോടതി ജീവപര്യന്തവും വിധിച്ചു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് ഖാലിദ സിയ. ഇതേ കേസിൽ 10വർഷം തടവുശിക്ഷ വിധിക്കപ്പെട്ട താരീഖ് 2008മുതൽ ലണ്ടനിൽ പ്രവാസിയായി കഴിയുകയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി(ബി.എൻ.പി)യുടെ ചെയർമാനാണ് താരീഖ്.
ഇൗ വർഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് വരാനിരിക്കെ പ്രതിപക്ഷ സാന്നിധ്യം ഇല്ലാതാക്കുന്നതാണ് വിധിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ധാക്ക പ്രത്യേക കോടതി ജഡ്ജി ശാഹിദ് നസ്റുദ്ദീനാണ് 20പേർ മരിച്ച ഗ്രനേഡ് ആക്രമണക്കേസിൽ വിധി പ്രസ്താവിച്ചത്. വിധിയിൽ തൃപ്തരല്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. താരീഖിന് കൂടി വധശിക്ഷ ലഭിക്കാൻ ഉന്നത കോടതിയിയെ സമീപിക്കുമെന്ന് നിയമമന്ത്രി അനീസുൽ ഹഖ് മാധ്യമങ്ങളോട് പറഞ്ഞു.
ലണ്ടനിൽനിന്ന് ബി.എൻ.പി നേതാവിനെ തിരിച്ചെത്തിക്കാൻ നയതന്ത്രനീക്കം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കോടതി വിധി രാഷ്ട്രീയ പ്രേരിതമാണെന്നും സ്വീകാര്യമല്ലെന്നും ബി.എൻ.പി പ്രതികരിച്ചു. രാഷ്ട്രീയ പ്രതികാരത്തിന് കോടതികളെ ഉപയോഗിക്കുന്ന നയത്തിെൻറ ഭാഗമാണിതെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.
ഖാലിദ സിയയുടെ അടുത്ത അനുയായികളും ബി.എൻ.പി സർക്കാറിൽ മന്ത്രിമാരുമായിരുന്ന ലുത്ഫുസ്സമാൻ ബാബർ, അബ്ദുസ്സലാം പിൻടു എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. വിധി പുറപ്പെടുവിക്കുന്നതിെൻറ പശ്ചാത്തലത്തിൽ ധാക്കയിലെ കോടതി പരിസരത്തും നഗരത്തിലും പൊലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയത്.
ഗ്രനേഡാക്രമണ കേസ്
2004ൽ ശൈഖ് ഹസീന പ്രതിപക്ഷ നേതാവായിരിക്കുേമ്പാൾ സംഘടിപ്പിച്ച റാലിക്ക് നേരെയുണ്ടായ ആക്രമണമാണ് ബംഗ്ലാദേശിൽ ‘ആഗസ്റ്റ് 21ലെ ഗ്രനേഡ് ആക്രമണം’ എന്നറിയപ്പെടുന്നത്. അവാമി ലീഗ് പാർട്ടി നേതാവ് െഎവി റഹ്മാൻ അടക്കം 20പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഹസീന തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആക്രമണത്തിനു പിന്നിൽ ഹർകത്തുൽ ജിഹാദ് എന്ന സായുധ സംഘമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ, ബി.എൻ.പി നേതാക്കൾ ഗൂഢാലോചന നടത്തിയാണ് ആക്രമണം സംഘടിപ്പിച്ചെതന്നാണ് ആരോപിക്കപ്പെടുന്നത്. ബംഗ്ലാദേശിെൻറ ചരിത്രത്തിലെ ഏറ്റവും മോശമായ സംഭവങ്ങളിലൊന്നാണിതെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.