അഭയാര്‍ഥി ക്യാമ്പില്‍ രണ്ടു ഫലസ്തീനികളെ ഇസ്രായേല്‍ വെടിവെച്ചുകൊന്നു

റാമല്ല: വെസ്റ്റ് ബാങ്കിലെ ഫലസ്തീനി അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഖലന്‍ദിയ ക്യാമ്പില്‍ രാത്രി നടത്തിയ ആക്രമണത്തിലാണ് അഹ്മദ് ജഹജ, ഹിക്മത് ഹംദാന്‍ എന്നീ യുവാക്കള്‍ വെടിയേറ്റു മരിച്ചത്.
ക്യാമ്പിനകത്ത് മെഡിക്കല്‍ സെന്‍റര്‍ കൈയേറാനുള്ള ശ്രമം തടഞ്ഞവര്‍ക്കുനേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ക്യാമ്പിനകത്ത് വാഹനം സൈന്യത്തിനുനേരെ ഇടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ ഹിക്മത് ഹംദാനെ വെടിവെച്ചുകൊന്നെന്നാണ് ഇസ്രായേല്‍ വിശദീകരണം. ക്യാമ്പിനകത്ത് ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തുന്നത് പതിവുസംഭവമായി മാറിയിട്ടുണ്ട്. ഒക്ടോബറില്‍ മസ്ജിദുല്‍ അഖ്സ കൈയേറാനുള്ള ഇസ്രായേല്‍ ശ്രമത്തോടെ ഫലസ്തീന്‍ സംഘര്‍ഷ മുഖത്താണ്. രണ്ടു മാസത്തിനിടെ 121 ഫലസ്തീനികളും 22 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ തുടരുന്ന ഭീകരതയെ യു.എന്‍ അപലപിച്ചു. അധിനിവിഷ്ട ഫലസ്തീനില്‍ നടക്കുന്ന തുടര്‍ച്ചയായ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ളെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി വക്താവ് സിസിലി പോളി പറഞ്ഞു. അധിനിവേശം ഇപ്പോഴും തുടരുന്നതും സമാധാന ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതും ഫലസ്തീന്‍ യുവാക്കളെ നിരാശപ്പെടുത്തുകയാണെന്നും ഇസ്രായേല്‍ ആയുധപ്രയോഗം പ്രശ്നം ഗുരുതരമാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.