ജറൂസലമില്‍നിന്ന് 2,30,000 ഫലസ്തീനികളെ പുറത്താക്കാന്‍ നീക്കം; പ്രതിഷേധം പടരുന്നു

ജറൂസലം: മുസ്ലിംകളുടെ വിശുദ്ധഗേഹമായ മസ്ജിദുല്‍ അഖ്സ ഉള്‍ക്കൊള്ളുന്ന ജറൂസലം പട്ടണത്തില്‍ താമസിച്ചുവരുന്ന ഫലസ്തീനികളെ പുറത്താക്കാനുള്ള പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. 2,30,000 ഫലസ്തീനികളെ പട്ടണത്തില്‍നിന്ന് പുറത്താക്കാനാണ് പദ്ധതി. കിഴക്കന്‍ ജറൂസലമില്‍ തൊഴിലെടുക്കാനും താമസിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് മൂന്നരലക്ഷം ഫലസ്തീനികള്‍ക്ക് നല്‍കിയിരുന്നു. മുസ് ലിം, ജൂത താമസക്കാരെ വേര്‍തിരിച്ച് 2003ല്‍ നിര്‍മിച്ച കൂറ്റന്‍മതിലിന് ഇരുവശത്തേക്കും സഞ്ചരിക്കാന്‍ ഈ കാര്‍ഡ് ഉപയോഗിച്ച് സാധ്യമായിരുന്നു. ഇത് ഇല്ലാതാക്കുന്നതിനു പുറമേ നഗരത്തിലുള്ള മുസ് ലിം താമസക്കാരെ സമ്പൂര്‍ണമായി തുടച്ചുനീക്കാനാണ് പദ്ധതിയെന്ന് ആക്ഷേപമുണ്ട്.
ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട കഴിഞ്ഞ നവംബറിലാണ് നെതന്യാഹു ആദ്യമായി പദ്ധതി പ്രഖ്യാപിക്കുന്നത്. ജറൂസലം മുനിസിപ്പല്‍ പരിധിയിലുള്ളവര്‍ മാത്രമല്ല, മതിലിന് ഏറെ അകലെയുള്ള ജബല്‍ മുകബ്ബര്‍, അല്‍ഇസാവിയ, അല്‍തൂര്‍, ബെയ്തുല്‍ ഹനീന ഗ്രാമങ്ങളിലുള്ളവരെയും പുറത്താക്കാനാണ് നീക്കം. മതിലിനുള്ളിലായി ജറൂസലമില്‍ 1,95,000 ഫലസ്തീനികളാണ് താമസിക്കുന്നത്. പുറത്ത് 1,45,000 പേരും. അകത്തുള്ളവരെ പുറത്താക്കുകയും പുറത്തുള്ളവരെ അകത്തേക്ക് വിലക്കുകയും ചെയ്യുന്നതോടെ തൊഴില്‍, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും ഫലസ്തീനികള്‍ക്ക് കനത്ത തിരിച്ചടിയാകും.
ജറൂസലം നഗരത്തിലെ ജനസംഖ്യാനുപാതം സമ്പൂര്‍ണമായി മാറ്റിയെഴുതാന്‍ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഫലസ്തീനികള്‍ താമസിക്കുന്ന മേഖലകളിലുള്ളവര്‍ ഇപ്പോഴേ കടുത്ത അവഗണന നേരിടുന്നതായി പരാതിയുണ്ട്.
പുതിയ നീക്കത്തോടെ ഇത് കൂടുതല്‍ തീവ്രമാകും.
മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ട് തയാറാക്കിയ പദ്ധതി നടപ്പാകുന്നപക്ഷം 2020ഓടെ ജറൂസലമിലെ മുസ്ലിംജനസംഖ്യ 12 ശതമാനമായും ജൂതജനസംഖ്യ 88 ശതമാനമായും മാറും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.