മോദി സമ്മാനിച്ച തലപ്പാവുമായി നവാസ് ശെരീഫ് പേരക്കുട്ടിയുടെ വിവാഹത്തിൽ

ലാഹോർ: പാകിസ്താൻ  പ്രധാനമന്ത്രി നവാസ് ശരീഫ് പേരക്കുട്ടിയുടെ വിവാഹത്തിൽ പങ്കടുക്കാനെത്തിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച തലപ്പാവുമായി. കഴിഞ്ഞ ദിവസം മോദി നടത്തിയ സന്ദർശനത്തിനിടെ പിറന്നാൾ സമ്മാനമായി നൽകിയ പിങ്ക് നിറത്തിലുള്ള രാജസ്ഥാനി തലപ്പാവാണ് ശെരീഫ് വിവാഹത്തിന് ധരിച്ചത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ശരീഫ് നല്‍കുന്ന പ്രധാന്യവും ആത്മാർഥതയുമാണ് ഇതിലൂടെ വെളിവാകുന്നതെന്ന്‌ പി.എം.എൽ.എന്‍ വൃത്തങ്ങള്‍ പറഞ്ഞു.

ശെരീഫിന്‍റെ പേരമകൾ മെഹ്റൻ നിസയും പ്രമുഖ വ്യവസായി ചൗധരി മുനീറിന്‍റെ മകൻ റഹീൽ മുനീറും തമ്മിലായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം അപ്രതീക്ഷിത പാകിസ്താൻ സന്ദർശനം നടത്തിയ മോദി നിസക്ക് വിവാഹ ആശംസകൾ നേരുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു.

ഞായറാഴ്ച നടന്ന വിവാഹചടങ്ങുകളിൽ 2000 പേര്‍ പങ്കെടുത്തുവെന്നാണ്‌ വിവരം. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വി.വി.ഐ.പികളും ചടങ്ങുകളില്‍ പങ്കെടുത്തു. വരനും വധുവും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കിയവരാണ്.

ലാഹോറിൽ വെച്ചു നടന്ന വിവാഹസൽക്കാരത്തിൽ ശെരീഫിന്‍റെ പല സുഹൃത്തുക്കൾക്കും പങ്കെടുക്കാനാകാത്തതിനാൽ അടുത്ത മാസം ലണ്ടനിലും യു.എ.ഇയിലും സൽക്കാരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.