ചൈനീസ് ഓണ്‍ലൈന്‍ വിപണിയിലെ 40 ശതമാനം ഉല്‍പന്നങ്ങളും വ്യാജം

ബെയ്ജിങ്: ചൈനീസ് ഓണ്‍ലൈന്‍ വിപണിയിലെ 40 ശതമാനം ഉല്‍പന്നങ്ങളും ഗുണനിലവാരമില്ലാത്തവയോ വ്യാജമോ ആണെന്ന് ഒൗദ്യോഗിക റിപ്പോര്‍ട്ട്. ആലിബാബ ഡോട്ട്കോം ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങളില്‍ വില്‍പനക്ക് വെച്ചിട്ടുള്ള ഉല്‍പന്നങ്ങള്‍ക്കെതിരെ പരാതികള്‍ ഏറിയതായും റിപ്പോര്‍ട്ട് പറയുന്നു.
58.7 ശതമാനം ഉല്‍പന്നങ്ങള്‍ മാത്രമാണ് നിശ്ചിത ഗുണനിലവാരമുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പരാതികള്‍ 356.6 ശതമാനം വര്‍ധിച്ചതായും ചൈനയിലെ ഉപഭോക്തൃ അവകാശ സംരക്ഷണവകുപ്പില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ വില്‍പന മേഖലയില്‍ യു.എസിനുണ്ടായിരുന്ന ആധിപത്യം ഈയിടെയാണ് ചൈന മറികടന്നത്. 44,200 കോടി ഡോളറിന്‍േറതാണ് ചൈനയിലെ ഓണ്‍ലൈന്‍ വിപണിയിലെ വാര്‍ഷിക മൊത്തവില്‍പന. യുഎസില്‍ ഇത് 30,000 കോടി ഡോളറാണ്. ചൈന ഇന്‍റര്‍നെറ്റ് നെറ്റ്വര്‍ക് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ (സി.എന്‍.എന്‍.ഐ.സി) റിപ്പോര്‍ട്ട് പ്രകാരം 328 കമ്പനികള്‍ ഓണ്‍ലൈന്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വില്‍പനരംഗത്തെ ഭീമനായ ആലിബാബയെയാകും റിപ്പോര്‍ട്ട് കാര്യമായി ബാധിക്കുക.
ചൈനയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍െറ ഏഴുശതമാനമാണ് ഓണ്‍ലൈന്‍ വിപണിയുടെ സംഭാവന. ഇരുപത് ശതമാനത്തോളം വരുന്ന ഉപഭോക്തൃ ആവശ്യങ്ങളും ഓണ്‍ലൈന്‍ വഴിയാണ് സാധ്യമാക്കുന്നത്. പരാതി വ്യാപകമായതിനെതുടര്‍ന്ന് ഓണ്‍ലൈന്‍ വില്‍പനരംഗത്ത് നിയന്ത്രണങ്ങളും പരിശോധനാ സംവിധാനങ്ങളും കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.