അധികാരക്കൈമാറ്റം: സൂചി യു.എസ്.ഡി.പിക്ക് കത്തയച്ചു

യാംഗോന്‍: മ്യാന്മര്‍ തെരഞ്ഞെടുപ്പില്‍ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി വ്യക്തമായ ആധിപത്യത്തോടെ മുന്നേറുമ്പോള്‍ പാര്‍ലമെന്‍റിലെ അധോസഭയിലേക്ക് പ്രതിപക്ഷനേതാവ് ഓങ്സാന്‍ സൂചി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അധോസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് സൂചി വിജയിച്ചത്. 40 ശതമാനം സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 90 ശതമാനം വോട്ടുകളാണ് എന്‍.എല്‍.ഡി സ്വന്തമാക്കിയത്. അതേസമയം, തെരഞ്ഞെടുപ്പില്‍ വിജയിച്ച സൂചിയെ അഭിനന്ദിച്ച പ്രസിഡന്‍റ് തൈന്‍ സൈന്‍ അധികാരം കൈമാറാന്‍ ഒരുക്കമാണെന്നും അറിയിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിശകലനങ്ങള്‍ക്കായി കൂടിക്കാഴ്ച നടത്തണമെന്നഭ്യര്‍ഥിച്ച് സൂചി സൈനികപിന്തുണയുള്ള യൂനിയന്‍ സോളിഡാരിറ്റി ഡെവലപ്മെന്‍റ് പാര്‍ട്ടി നേതാക്കള്‍ക്ക് കത്തയച്ചു. കത്തിന്‍െറ വിശദാംശങ്ങള്‍ എന്‍.എല്‍.ഡി മാധ്യമങ്ങള്‍ക്കു നല്‍കി.  ഒരാഴ്ചക്കകം അനുരഞ്ജന ചര്‍ച്ച നടത്തണമെന്നാണ് കത്തിലെ ആവശ്യം.  രാജ്യത്തിന്‍െറ പരമാധികാരം മാനിക്കുന്നതിനൊപ്പം ജനങ്ങളുടെ സമാധാനം ഉറപ്പാക്കേണ്ടതും ആവശ്യമാണ് -പ്രസിഡന്‍റ് തൈന്‍ സൈനും സ്പീക്കര്‍ ഷോ മാനും സൈനിക ജനറല്‍ മിന്‍ ഓങ് ഹ്ലെയ്ങ്ങിനും അയച്ച കത്തില്‍ സൂചി ആവശ്യപ്പെട്ടു.   അതിനിടെ തെരഞ്ഞെടുപ്പ് ഫലം യു.എസ്.ഡി.പി മാനിക്കുന്നുവെന്നും  നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷമേ കൂടിക്കാഴ്ചക്കു തയാറുള്ളൂവെന്നും   വക്താവ് അറിയിച്ചു.  പ്രസിഡന്‍റിന്‍െറ വക്താവ് യി  ഹ്തൂത്  കത്തിനു മറുപടിയായി തന്‍െറ ഒൗദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് മറുപടി നല്‍കിയത്.  തെരഞ്ഞെടുപ്പില്‍ എന്‍.എല്‍.ഡി വിജയിക്കുകയാണെങ്കില്‍ അധികാരം കൈമാറുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.
2011ല്‍ സൈന്യം അധികാരം അര്‍ധ സിവിലിയന്‍ സര്‍ക്കാറിന് കൈമാറിയെങ്കിലും ഭരണത്തില്‍ ആധിപത്യം തുടരുകയാണ്. അധോസഭയില്‍ ഫലം പ്രഖ്യാപിച്ച 151 സീറ്റുകളില്‍ 135 എണ്ണവും, ഉപരിസഭയില്‍  33 സീറ്റുകളില്‍ 29 എണ്ണവും സൂചിയുടെ പാര്‍ട്ടി സ്വന്തമാക്കി.   അതേസമയം,  കമീഷന്‍ തെരഞ്ഞെടുപ്പ് ഫലം മന$പൂര്‍വം വൈകിപ്പിക്കുകയാണെന്ന് ഹ്യൂമന്‍റൈറ്റ്സ് വാച്ച് ആശങ്ക പ്രകടിപ്പിച്ചു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.