ഉയിഗൂർ മുസ് ലിം നേതാവിന് സന്ദർശാനുമതി; ചൈനക്ക് പ്രതിഷേധം

ബീജിങ്: ഐക്യരാഷ്ട്ര സഭയിൽ ജെയ്ശെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിന് വിലക്കേർപ്പെടുത്താനുള്ള ഇന്ത്യൻ നീക്കത്തെ എതിർത്ത ചൈനക്ക് തിരിച്ചടിയായി വിമത നേതാവ് ദുൽകൻ ഈസക്ക് ഇന്ത്യ സന്ദർശാനുമതി നൽകിയതായി റിപ്പോർട്ട്. ലോക ഉയിഗൂർ കോൺഗ്രസ് നേതാവായ ദുൽകൻ ഈസയെ ഭീകരവാദിയെന്നാണ് ചൈന വിശേപ്പിക്കുന്നത്. അദ്ദേഹത്തിന് ഏപ്രിൽ 28 മുതൽ മെയ് 1 വരെ ധരംശാലയിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാനാണ് ഇന്ത്യ അനുവാദം നൽകിയിരിക്കുന്നത്.

ചൈനയിലെ മുസ് ലിം ഭൂരിപക്ഷ പ്രദേശമായ സിൻജിയാഗ് പ്രവിശ്യയിൽ സ്വയംഭരണം വേണമെന്നാവശ്യപ്പെട്ട് കാലങ്ങളായി പ്രക്ഷോഭത്തിലാണ് ഉയിഗൂർ മുസ് ലിംകൾ. ചൈനയിൽ നിന്നും പലായനം ചെയ്ത ടിബറ്റുകൾക്കും അവരുടെ ആത്മീയാചാര്യനായ ദലൈലാമക്കും ഇന്ത്യ ധരംശാലയിലാണ് അഭയം നൽകിയിരിക്കുന്നത്. ഇതിൽ ചൈനക്ക് ഇന്ത്യയോടുള്ള നീരസം നിലനിൽക്കെയാണ് ദലൈലാമയെ സന്ദർശിക്കാൻ ദുൽകൻ ഈസക്ക് അനുവാദം നൽകിയിരിക്കുന്നത്.

ഇന്ത്യയുടെ തീരുമാനത്തിൽ ചൈന ഉത്കണ്ഠ രേഖപ്പെടുത്തി. ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച അന്താരാഷ്ട്ര കുറ്റവാളിയാണ് ദുൽകൻ ഈസയെന്നും അയാളെ നിയമത്തിന്ന് മുന്നിൽ കൊണ്ടുവരേണ്ടത് എല്ലാ രാജ്യങ്ങളുടേയും കടമയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. സിൻജിയാംഗ് പ്രവിശ്യയിൽ ഏകദേശം പത്ത് ദശലക്ഷം ഉയിഗൂർ മുസ് ലിംകളാണുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.