14 സെക്കന്‍ഡ് നോട്ടം : ഋഷിരാജ് സിങ്ങിന്‍െറ പ്രസ്താവന അതിര്‍ത്തി കടന്നും ചര്‍ച്ചയായി

ഇസ്ലാമാബാദ്: 14 സെക്കന്‍ഡ് തുടര്‍ച്ചയായി പുരുഷന്മാര്‍ സ്ത്രീകളെ തുറിച്ചുനോക്കുന്നത് കുറ്റകരമാണെന്ന എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്‍െറ പ്രസ്താവന അതിര്‍ത്തികടന്നും ചര്‍ച്ചയാവുന്നു. പാക് മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ റഫിയ സകരിയ്യ ഡോണ്‍ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഋഷിരാജ്സിങ്ങിനെ പിന്തുണച്ച് രംഗത്തുവന്നത്. റഫിയയുടെ കുറിപ്പില്‍നിന്ന്:

‘കേരളത്തിലെ എക്സൈസ് കമീഷണര്‍ ഋഷിരാജ്സിങ് കൊച്ചിയില്‍ നടന്ന പൊതുപരിപാടിക്കിടെ 14 സെക്കന്‍ഡ് തുടര്‍ച്ചയായി സ്ത്രീകളെ തുറച്ചു നോക്കിയാല്‍ പുരുഷന്മാര്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ഓര്‍മിപ്പിക്കുകയുണ്ടായി. ഉടന്‍തന്നെ അദ്ദേഹത്തിന്‍െറ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി  പ്രതികരണങ്ങള്‍ വന്നു. ഇന്ത്യന്‍ എക്സ്പ്രസ് പത്രം പ്രസ്താവന ബാലിശമാണെന്ന് വിധിയെഴുതി. ഇത്തരത്തിലൊരു നിയമം ഇല്ല എന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തില്‍ അഭിഭാഷകനുമായുള്ള അഭിമുഖവും അവര്‍ കൊടുത്തു. സ്ത്രീകളെ തുറച്ചു നോക്കിയാല്‍ പുരുഷനെ എന്തിനു ജയിലില്‍ കയറ്റണം. നിയമത്തില്‍  ഒരിടത്തും അങ്ങനെയൊരു സംഗതിയേയില്ല.

ഇത് പുരുഷന്മാരുടെ ലോകമാണ്. തുറിച്ചുനോട്ടം അതിന്‍െറ ഭാഗം മാത്രം എന്ന സന്ദേശം നല്‍കുന്നതായിരുന്നു ഋഷിരാജ്സിങ്ങിനെതിരെ ഘോരഘോരം പ്രസംഗിച്ചവരുടെ വാദത്തില്‍ മുഴങ്ങിക്കേട്ടത്. പാക് പുരുഷന്മാരും തുറിച്ചുനോട്ടത്തില്‍ പിന്നോട്ടല്ല. വൃദ്ധരാവട്ടെ യുവാക്കളാകട്ടെ താടിക്കാരനാകട്ടെ താടിയില്ലാത്തവരാകട്ടെ ഇവിടത്തെ പുരുഷന്മാര്‍ തുറിച്ചുനോക്കിക്കൊണ്ടേയിരിക്കും. ചെറുപ്പക്കാരികളോ, വയോധികരോ ധനികയോ ദരിദ്രയോ ആരുമാവട്ടെ അവര്‍ക്കും പറയാനുണ്ടാവും പാകിസ്താനിലെ ബസുകളിലും സ്കൂളുകളിലും റസ്റ്റാറന്‍റുകളിലും ബാങ്കുകളിലും പാര്‍ക്കുകളിലും തൊഴിലിടങ്ങളിലും അനുഭവിച്ച തുറിച്ചുനോട്ടങ്ങളുടെ കഥ. പാകിസ്താനില്‍ തുറിച്ചുനോട്ടമേല്‍ക്കാത്ത ഒരിടംപോലുമില്ല എന്നു പറയാം.

ദക്ഷിണേഷ്യയിലെ പുരുഷന്മാരെ ചേര്‍ത്തുനിര്‍ത്തുന്ന പശയാണ് ഈ തുറിച്ചുനോട്ടം. അവര്‍ വ്യത്യസ്ത രാഷ്ട്രീയ കക്ഷികളില്‍നിന്നുള്ളവരും മതത്തിന്‍െറ പേരിലും വംശീയതയുടെ പേരിലും കലഹിക്കുന്നവരുമാണെന്നതാണ് വസ്തുത.  ഈ സാഹചര്യത്തിലാണ് ഋഷിരാജ് സിങ്ങിന്‍െറ വിപ്ളവകരമായ പ്രസ്താവന അതിര്‍ത്തികടന്നും ശ്രദ്ധേയമാവുന്നത്’- റഫിയ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.