ഉപരോധം: ഗസ്സയിലെ കാന്‍സര്‍ രോഗികളുടെ ദുരിതം ഇരട്ടിച്ചു

ഗസ്സ:  ഇസ്രായേലിന്‍െറ ഉപരോധത്തില്‍ കാന്‍സര്‍ രോഗികള്‍ മരുന്നുകിട്ടാതെ മരണത്തോട് മല്ലിടുന്നതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്‍െ റിപ്പോര്‍ട്ട്. ഇസ്രായേല്‍ ബോംബാക്രമണം ദുരിതം വിതച്ച ഗസ്സയില്‍ കാന്‍സര്‍ നിരക്ക് ഗണ്യമായി വര്‍ധിക്കുകയാണ്. ഉപരോധവും അതിര്‍ത്തികള്‍ അടച്ചതും ചികിത്സാ സൗകര്യങ്ങളുടെ അഭാവവും കാന്‍സര്‍ ബാധിതരുടെ മരണത്തിന് കാരണമായിട്ടുണ്ട്. മരുന്നുകളും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കി കാന്‍സര്‍ രോഗികളെ മരണത്തില്‍ രക്ഷിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടു
ന്നു. രോഗികള്‍ക്ക് ചികിത്സക്കായി പുറത്തുപോകുന്നതിന് ഈജിപ്തിനും ഗസ്സക്കും ഇടയിലുള്ള റഫ അതിര്‍ത്തി തുറക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഗസ്സാവാസികള്‍ക്ക് പുറംലോകത്തേക്കുള്ള ഏക കവാടമാണിത്. അടുത്തിടെ കാന്‍സര്‍രോഗികള്‍ക്ക് ബൈത് ഹാനൂനിലേക്ക് യാത്രാ നിരോധം ഏര്‍പ്പെടുത്തിയിരുന്നു. രോഗികളില്‍ പലരും ഹമാസിന്‍െറ ചാരന്മാരെന്നാരോപിച്ചായിരുന്നു ഉപരോധം. എഴുന്നേല്‍ക്കാന്‍പോലുമാവാതെ തളര്‍ന്നുകിടക്കുന്ന തന്‍െറ ഭര്‍ത്താവിനെ പോലുള്ളവര്‍ക്ക് എങ്ങനെയാണ് ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങി ചാരവൃത്തി നടത്താനാവുകയെന്ന് ഭാര്യ സോഹ ഹുസൈന്‍ അല്‍ഖുദ്സിനു നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നു.
ഗസ്സയില്‍ 14,600ലേറെ കാന്‍സര്‍ രോഗികളുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. അതില്‍ 30 ശതമാനത്തിന് മാത്രമേ ഇസ്രായേല്‍ ആശുപത്രികളില്‍ ചികിത്സ നല്‍കുന്നുള്ളൂ. 2009-2014 കാലയളവില്‍ ഗസ്സയില്‍ 7069 കാന്‍സര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2014ല്‍ മാത്രം 1502 കാന്‍സര്‍ കേസുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പ്രകാരം 2014ന്‍െറ അവസാനത്തില്‍ 12660 കാന്‍സര്‍ ബാധിതരാണ് ഗസ്സയിലുള്ളത്. ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നതിനാല്‍ ഗസ്സയിലെ ആശുപത്രികള്‍ക്ക് ചികിത്സ നല്‍കാനുള്ള സൗകര്യവുമില്ല. മരുന്നുകിട്ടാന്‍ മറ്റു വഴികളില്ലാതെ നരകിക്കുകയാണ് ഈ ജനത.  അവശ്യമരുന്നുകള്‍ക്ക് ക്ഷാമം നേരിടുകയാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ആശുപത്രികളിലാവട്ടെ 15000ത്തോളം വരുന്ന രോഗികളെ ചികിത്സിക്കാന്‍ നാലു ഡോക്ടര്‍മാര്‍ മാത്രമേ ഉള്ളൂ.
അതിനിടെ, ഗസ്സയിലെ കൃഷിപ്പാടങ്ങള്‍ ഇസ്രായേല്‍ മാരകമായ  കീടനാശിനി പ്രയോഗത്തിലൂടെ നശിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. വിളകള്‍ നശിപ്പിക്കുന്നതിനൊപ്പം ഒരു തലമുറയില്‍ കാന്‍സറിന്‍െറ വിത്തു വിതക്കുകയുമാണ് ഇസ്രായേലിന്‍െറ ലക്ഷ്യം. ഈ നീക്കം കാന്‍സര്‍ നിരക്ക് വര്‍ധിക്കാന്‍ കാരണമാവുമെന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു. വിളനിലങ്ങളിലെ മാരക കീടനാശിനിപ്രയോഗത്തില്‍ യു.എന്‍ ആശങ്ക പ്രകടിപ്പിച്ചു. അതിര്‍ത്തിയില്‍നിന്ന് ഹെലികോപ്ടര്‍ വഴിയാണ് കീടനാശിനിപ്രയോഗം. കഴിഞ്ഞ ആഴ്ച 3000 സ്ക്വയര്‍ മീറ്റര്‍ കൃഷിയിടം നശിച്ചതായി ഫലസ്തീന്‍ കാര്‍ഷിക മന്ത്രാലയം അറിയിച്ചു. 2007 മുതലാണ് ഗസ്സയില്‍ ഇസ്രായേല്‍ ഉപരോധം തുടങ്ങിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.