സിറിയ: തുര്‍ക്കിക്കെതിരായ പ്രമേയം രക്ഷാസമിതി തള്ളി

ഡമസ്കസ്: യു.എന്‍ രക്ഷാകൗണ്‍സിലില്‍ തുര്‍ക്കിക്കെതിരെ റഷ്യ അവതരിപ്പിച്ച പ്രമേയം പാശ്ചാത്യരാജ്യങ്ങള്‍ തള്ളി. സിറിയയുടെ പരമാധികാരത്തിനും ഐക്യത്തിനും വെല്ലുവിളിയുയര്‍ത്തുന്ന നടപടികളില്‍നിന്ന് തുര്‍ക്കിയെ തടയണമെന്നാവശ്യപ്പെട്ടാണ് റഷ്യ പ്രമേയം അവതരിപ്പിച്ചത്.
തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയില്‍ നിലവിലെ സാഹചര്യവും സിറിയയിലേക്ക് സൈന്യത്തെ അയക്കാനുള്ള തുര്‍ക്കിയുടെ തീരുമാനവും വിലയിരുത്തണമെന്നാവശ്യപ്പെട്ടാണ് റഷ്യ രക്ഷാകൗണ്‍സില്‍ അടിയന്തിരമായി വിളിച്ചുചേര്‍ത്തത്. ഐ.എസിനെതിരായ യു.എസ് സഖ്യകക്ഷിയില്‍ അംഗമാണെന്നതിനാല്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം തടയുന്നതിന് തുര്‍ക്കിക്കെതിരെ പ്രമേയം അവതരിപ്പിക്കണമെന്ന റഷ്യയുടെ ആവശ്യം ഫ്രാന്‍സ് നിരാകരിച്ചു. ഇക്കാര്യത്തില്‍ ഒറ്റവാക്കില്‍ മറുപടി പറയാനില്ളെന്ന് ഫ്രാന്‍സിലെ യു.എന്‍ പ്രതിനിധി ഫ്രാങ്സ്വ ദെലാത്രെ വ്യക്തമാക്കി. ബശ്ശാര്‍ അല്‍അസദിനെ പിന്തുണക്കുന്നതാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്ന് റഷ്യ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രമേയം തള്ളിയതില്‍ റഷ്യന്‍ പാര്‍ലമെന്‍റ് ഖേദം പ്രകടിപ്പിച്ചു.

ഐ.എസിനെതിരെ യു.എസിനെ പിന്തുണക്കുന്ന കുര്‍ദ് വിമതരുടെ താവളങ്ങള്‍ ലക്ഷ്യമിട്ടാണ് തുര്‍ക്കി സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചത്. കുര്‍ദ് മിലിഷ്യകള്‍ തീവ്രവാദസംഘങ്ങളാണെന്നാണ് അങ്കാറയുടെ പക്ഷം.അങ്കാറയിലെ ചാവേറാക്രമണത്തിന് പിന്നിലും കുര്‍ദ് വിമതരാണെന്ന് തുര്‍ക്കി ആരോപിച്ചിരുന്നു. സിവിലിയന്മാരെ കൊന്നൊടുക്കാന്‍ കുര്‍ദ് വിമതര്‍ക്ക് ആയുധം നല്‍കുന്നത് അമേരിക്കയാണെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആരോപിച്ചിരുന്നു. കുര്‍ദുകളെ യു.എസ് പിന്തുണക്കുന്നതാണ് നാറ്റോ രാജ്യമായ തുര്‍ക്കിയെ പ്രകോപിപ്പിച്ചത്. 2015 ജൂലൈ മുതലാണ് സിറിയയില്‍ യു.എസ് സഖ്യകക്ഷികള്‍ക്കൊപ്പം വ്യോമാക്രമണത്തിന് തുര്‍ക്കി അണിചേര്‍ന്നത്.

അതിനിടെ, സ്വയം പ്രതിരോധിക്കാനുള്ള അവകാശം തുര്‍ക്കിക്ക് ഉണ്ടെന്ന് അംഗീകരിച്ച ഒബാമ ആക്രമണങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കാനും തുര്‍ക്കിയോട് ആവശ്യപ്പെട്ടു. ഉര്‍ദുഗാനുമായി ഒബാമ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞതെന്നും വൈറ്റ്ഹൗസ് സൂചിപ്പിച്ചു.നാറ്റോ അംഗരാഷ്ട്രമെന്ന നിലയില്‍ അമേരിക്ക തുര്‍ക്കിയുടെ സുരക്ഷക്കുവേണ്ടി നിലകൊള്ളുമെന്നും ഇരുപത് മിനിറ്റോളം നീണ്ട ടെലിഫോണ്‍ സംഭാഷണത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.