ഹസാറകള്‍ പ്രതിഷേധിച്ചു; കാബൂളില്‍ വൈദ്യുതി പദ്ധതി നിര്‍ത്തിവെച്ചു

കാബൂള്‍: കാബൂളില്‍ ഹസാറകളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് വൈദ്യുതി പദ്ധതി നിര്‍ത്തിവെച്ചു. വൈദ്യുതി ലൈനുകള്‍ മാറ്റണമെന്നാവശ്യപ്പെട്ടാണ് അഫ്ഗാനിലെ വംശീയ ന്യൂനപക്ഷവിഭാഗമായ ഹസാറകള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. പദ്ധതിയുടെ ഭാഗമായ 500 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ ഹസാറകള്‍ തിങ്ങിപ്പാര്‍ക്കുന്ന ബാമിയാന്‍ പ്രവിശ്യ വഴിയാക്കണമെന്നാവശ്യപ്പെട്ട് ആയിരത്തോളം ഹസാറകള്‍ തിങ്കളാഴ്ച പ്രസിഡന്‍റിന്‍െറ കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തി.

തുതാപ് ലൈന്‍ എന്നറിയപ്പെടുന്ന വൈദ്യുതി ലൈന്‍ ബംയാന്‍ വഴി കടന്നുപോകുന്ന രീതിയിലായിരുന്നു നേരത്തെയുണ്ടായിരുന്ന പദ്ധതി. എന്നാല്‍, പണം ലാഭിക്കാന്‍ പദ്ധതി വടക്കന്‍ സലാങ് പാസ് വഴിയാക്കിമാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഹസാറകള്‍ക്കെതിരെയുള്ള വിവേചനപരമായ നീക്കമാണ് വൈദ്യുതി ലൈനിന്‍െറ പാതയില്‍ വരുത്തിയ മാറ്റമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഹസാറകളുടെ പ്രവിശ്യയില്‍ ഒരിക്കലും വികസനമുണ്ടാകരുതെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണു സമരമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

തുര്‍ക്മെനിസ്താന്‍, ഉസ്ബകിസ്താന്‍,തജികിസ്താന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് തുതാപ്
വൈദ്യുതി പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞയാഴ്ച തുര്‍ക്മെനിസ്താനില്‍ നടന്നു. കമീഷന്‍െറ അവലോകനം പൂര്‍ത്തിയാകുന്നതുവരെ പദ്ധതി നിര്‍ത്തിവെച്ചതായി പ്രസിഡന്‍റിന്‍െറ ഓഫിസ് അറിയിച്ചു.

പദ്ധതി ബാമിയാന്‍ വഴി തിരിച്ചുവിടുന്നതിന്‍െറ സാധുത അന്വേഷിക്കുന്നതിനായി പ്രസിഡന്‍റ് അശ്റഫ് ഗനി 12 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ലോക ബാങ്കിന്‍െറ കണക്കുകള്‍ പ്രകാരം അഫ്ഗാനിലെ 75 ശതമാനം വൈദ്യുതിയും മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. രാജ്യത്ത് 40 ശതമാനത്തില്‍ താഴെയുള്ളവര്‍ക്കേ നിലവില്‍ വൈദ്യുതി ലഭിക്കുന്നുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.