മലേഷ്യയിൽ ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതി: മൂന്നുപേര്‍ അറസ്റ്റില്‍

ക്വാലാലംപുര്‍: മലേഷ്യയിലെ ബാതു കാവസിലെ പ്രസിദ്ധ ക്ഷേത്രം അടക്കമുള്ള സ്ഥലങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട മൂന്നു ഐ.എസ് തീവ്രവാദികള്‍ അറസ്റ്റില്‍. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ വിവിധ വിനോദകേന്ദ്രങ്ങളും പൊലീസ് സ്റ്റേഷനും ആക്രമിക്കാനായിരുന്നു ആക്രമികളുടെ പദ്ധതി. നഗരത്തിലെ തീവ്രവാദ വിരുദ്ധ സേനയാണ് സേലഗോര്‍, പഹാങ് എന്നിവിടങ്ങളില്‍നിന്ന് ആഗസ്റ്റ് 27നും 29 നുമിടയില്‍ ആക്രമികളെ അറസ്റ്റ് ചെയ്തത്. ഗ്രനേഡും തോക്കുകളുമുള്‍പ്പെടെയാണ് ഇവര്‍ പിടിയിലായത്. ലക്ഷ്യം നേടിയ ശേഷം സിറിയയിലേക്ക് കടക്കാനും ആസൂത്രണം ചെയ്തിരുന്നതായും പൊലീസ് വെളിപ്പെടുത്തി.

സിറിയയില്‍ ഐ.എസിനായി യുദ്ധത്തില്‍ ഏര്‍പ്പെട്ട മലേഷ്യന്‍ വംശജന്‍ മുഹമ്മദ് വാന്‍ദി മുഹമ്മദ് ജേദിയില്‍നിന്ന് ആക്രമികള്‍ നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. മലേഷ്യയില്‍ ഐ.എസ് ആദ്യമായി നടത്തിയ ക്വാലാലംപുരിലെ ബാര്‍ ആക്രമണത്തിന് നിര്‍ദേശം നല്‍കിയത് ജേദിയായിരുന്നു.

ഈ മാസാദ്യം ഐ.എസില്‍ ചേരാന്‍ രാജ്യം വിടുകയാണെന്ന് കണ്ടത്തെിയ 68 പേരുടെ പാസ്പോര്‍ട്ട് മലേഷ്യ റദ്ദാക്കിയിരുന്നു. മാര്‍ച്ചില്‍ 18 മലേഷ്യക്കാര്‍ സിറിയയില്‍ ഐ.എസിന് കീഴിലുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.