ഞങ്ങളെല്ലാവരും മഴക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ്. മഴ പെയ്താല്‍, വിമാനങ്ങള്‍ക്ക് പറക്കാന്‍ കഴിയില്ല. ബോംബ് വര്‍ഷം അല്‍പനേരത്തേക്ക് ശമിക്കും. ഈ നഗരത്തില്‍ മരണത്തെ മുഖാമുഖം കാണുന്ന 150000 സിവിലിയന്മാരെ രക്ഷിക്കാന്‍ ലോകത്തിന് ഏതെങ്കിലും അളവിലുള്ള ഇടപെടലിന് സമയം കിട്ടാവുന്നവിധം, മഴ വളരെയധികം നേരത്തേക്ക് പെയ്യട്ടേ എന്നാണ് ഞങ്ങളുടെ പ്രാര്‍ഥന.
വിവരണാതീതമാണ് ഈ നഗരത്തിലെ സാഹചര്യം.വിമതരുടെ സ്വാധീനം ശേഷിക്കുന്ന കേവലം 10 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തേക്ക് ജനങ്ങള്‍ അഭയാര്‍ഥികളായി പ്രവഹിക്കുകയാണ്. പിഞ്ചുപൈതങ്ങളും അക്കൂട്ടത്തിലുണ്ട്.കുട്ടികളെയും കൈയിലെടുക്കാവുന്ന കുറച്ചു സാധനങ്ങളും മാത്രമെടുത്താണ് ജനങ്ങള്‍ സൈന്യത്തില്‍നിന്ന് ജീവനും കൊണ്ടോടുന്നത്. ഏതാനും ആഴ്ച മുമ്പാണ് അലപ്പോയില്‍ വരാന്‍ ഞാന്‍ തീരുമാനിച്ചത്. കുറച്ചുദിവസം മാത്രം ഇവിടെ നില്‍ക്കാമെന്നാണ് ഞാന്‍ കരുതിയത്. ആ താമസം ഇത്രയും നീളുമെന്ന് ഞാന്‍ കരുതിയില്ല. എന്നാല്‍, വന്നാല്‍ രക്ഷപ്പെടല്‍ സാഹസികമായിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നില്ല.
സംഘര്‍ഷ ഭൂമികളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് സാഹസികമാണ്. എന്നാല്‍, ലോകത്തെ സംഭവവികാസങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കുക എന്നത് പരമപ്രധാനമാണ്. എന്നാല്‍, ഇവിടെയുള്ള ജനങ്ങള്‍ എന്നെപ്പോലെ സാഹസികത തെരഞ്ഞെടുത്തവരല്ല. ആഗ്രഹങ്ങള്‍ക്ക് വിപരീതമായി ഒരു ഭീകരയാഥാര്‍ഥ്യത്തിലേക്ക് എറിയപ്പെട്ട നിസ്സഹായരാണ് അവര്‍.
കൊടും തണുപ്പാണിവിടെ. ഞാന്‍ കഴിയുന്ന സ്ഥലത്ത് ശരിയായ മതില്‍ക്കെട്ടുകളൊന്നുമില്ല. അടുത്തിടെയുണ്ടായ വ്യോമാക്രമണത്തില്‍ ഭിത്തിയിലുണ്ടായ വലിയ തുള പ്ളാസ്റ്റിക് ഷീറ്റുകളും പുതപ്പും കൊണ്ട് മറച്ചിരിക്കുകയാണ്.ഊഷ്മളമായ സല്‍ക്കാരമാണ് ഇവിടത്തെ ജനം എനിക്ക് നല്‍കുന്നത്. എന്‍െറ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ മാത്രമേ അവരുടെ അവസ്ഥ ലോകത്തെ അറിയിക്കാനാവൂ എന്ന് അവര്‍ക്ക് ബോധ്യമുണ്ട്.
അതുകൊണ്ട് ജനറേറ്റര്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന അപൂര്‍വം ഇടങ്ങളില്‍ പോലും അവര്‍ എന്നെ അതിന് അനുവദിക്കുന്നു. ഭക്ഷണത്തിന് ക്ഷാമമുണ്ടെങ്കിലും വലിയ വില ചുമത്തി ചൂഷണത്തിന് കച്ചവടക്കാര്‍ തയാറല്ല.ഭക്ഷണം പാകം ചെയ്യാന്‍ ഫര്‍ണിച്ചര്‍ തകര്‍ത്ത് ഇന്ധനമാക്കുന്നു. ബ്രെഡ്, ഈത്തപ്പഴം, ഗോതമ്പ് എന്നിവ മാത്രമാണ് ഭക്ഷണ വിഭവങ്ങള്‍. ഒളിച്ചിരുന്നുവേണം ഭക്ഷണം പാകം ചെയ്യാന്‍. സൈന്യം അന്ത്യശാസനം നല്‍കിയതിന് പിന്നാലെ, 60000ഓളം ആളുകള്‍ കീഴടങ്ങി.
എന്നാല്‍, എല്ലാവരും അതിന് തയാറല്ല. സൈന്യത്തിന്‍െറ കൈയില്‍ അകപ്പെട്ടശേഷം, അപ്രത്യക്ഷരാവുന്നതിനെക്കാള്‍ നല്ലത് ബോംബ് വര്‍ഷത്തില്‍ കൊല്ലപ്പെടുന്നതാണെന്ന് അവര്‍ കരുതുന്നു. 500000ലേറെ വരുന്ന സ്വന്തം പൗരന്മാരെ കൊന്നൊടുക്കിയവരാണ് സൈന്യം എന്ന ബോധ്യം കീഴടങ്ങുന്നതില്‍നിന്ന് അവരെ വിലക്കുന്നു.
ഭീകരമാണ് കാര്യങ്ങള്‍. മഴ ഇപ്പോള്‍ നിലക്കും. കുരുതി വീണ്ടും തുടങ്ങും. ഈ ജനങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരവസരം നല്‍കണം. ഈ നിമിഷം തന്നെ. അത് അടുത്ത മണിക്കൂറിലേക്ക് നീട്ടിവെക്കുന്നതോടെ ഞങ്ങളില്‍ പലരും കഥാവശേഷരായിട്ടുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.