അലപ്പോ: കുടിയൊഴിപ്പിക്കല്‍ പുനരാരംഭിച്ചു

ഡമസ്കസ്: സിറിയയില്‍ ബശ്ശാര്‍ അല്‍അസദ് സര്‍ക്കാര്‍ നിയന്ത്രണം പിടിച്ചെടുത്ത അലപ്പോയില്‍ വിമതര്‍ ധാരണ ലംഘിക്കുന്നുവെന്ന് ആരോപിച്ച് നിര്‍ത്തിവെച്ച കുടിയൊഴിപ്പിക്കല്‍ പുന$രാരംഭിച്ചു. വിമതസംഘങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. അലപ്പോയില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ സിവിലിയന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കാനാണ് ധാരണയെന്നും വിമത വക്താക്കള്‍ അറിയിച്ചു.

തുര്‍ക്കിയുടെയും റഷ്യയുടെയും മധ്യസ്ഥതയിലുണ്ടാക്കിയ ധാരണ വിമതര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ചതായി സര്‍ക്കാര്‍ അറിയിച്ചത്. അതിനിടെ, നഗരത്തില്‍നിന്നും കുടിയൊഴിഞ്ഞ് പോകുന്നവര്‍ക്ക് നേരെയും സൈന്യത്തിന്‍െറ ആക്രമണമുണ്ടായി. കുടിയൊഴിഞ്ഞ് പോകുന്നവരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.  അലപ്പോ നഗരത്തിന് പുറത്തുവെച്ച് സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലായിരുന്നു ആക്രമണം.

ആയിരത്തോളം പേര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം തടഞ്ഞ്, ആളുകളോട് വാഹനങ്ങളില്‍നിന്നും പുറത്തിറങ്ങാന്‍ സൈനികര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് റോഡില്‍ കമിഴ്ന്നുകിടക്കാന്‍ കല്‍പിച്ചു. കൈകള്‍ വിലങ്ങുകൊണ്ട് ബന്ധിച്ചശേഷം സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ചില സൈനികര്‍ സിവിലിയന്മാരില്‍നിന്നും പണം അപഹരിക്കുകയും ചെയ്തതായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പം സഞ്ചരിച്ച അല്‍ജസീറ റിപ്പോര്‍ട്ടര്‍ പറഞ്ഞു. ജബ്ഹത് ഫതഹ് അല്‍ ശാമിന്‍െറയും ഇതര സായുധവിമതരുടെയും നിയന്ത്രണത്തിലുള്ള ഇദ്ലിബ് നഗരത്തിലേക്കാണ് കുടിയൊഴിപ്പിക്കപ്പെടുന്നവരെ കൊണ്ടുപോവുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലയിലൂടെ സഞ്ചരിച്ചുവേണം ഇദ്ലിബില്‍
എത്താന്‍.

അലപ്പോ നരകത്തിന്‍െറ പര്യായമായെന്ന് ബാന്‍ കി മൂണ്‍

റഷ്യന്‍ പിന്തുണയോടെ സിറിയയിലെ അലപ്പോയില്‍ ബശ്ശാര്‍ അല്‍അസദ് സൈന്യം നടത്തുന്ന ആക്രമണം അലപ്പോയെ നരകതുല്യമാക്കിയെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ യു.എന്‍ ആസ്ഥാനത്തുവെച്ച് നടത്തിയ അവസാന വാര്‍ത്താസമ്മേളനത്തിലാണ് പ്രസ്താവന നടത്തിയത്. ലോകത്തിന്‍െറ ഹൃദയത്തിലേറ്റ രണ്ട് വലിയ മുറിവുകളാണ് അലപ്പോയും ദക്ഷിണ സുഡാനെന്നും അദ്ദേഹം പറഞ്ഞു.

‘‘നമ്മള്‍ സിറിയന്‍ ജനതയെ വഞ്ചിച്ചു. സംഭവിച്ച ക്രൂരകൃത്യങ്ങള്‍ക്ക് യുക്തമായ രീതിയില്‍ നീതി നടപ്പാക്കിയാലേ, ശാശ്വത സമാധാനം പുലരുകയുള്ളൂ’’ -ബാന്‍ കി മൂണ്‍ പറഞ്ഞു. ദക്ഷിണ സുഡാനില്‍ മൂന്നുവര്‍ഷമായി തുടരുന്ന സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ആ രാജ്യത്തെ രാഷ്ട്രീയ നേതാക്കളാണെന്ന് കുറ്റപ്പെടുത്തിയ ബാന്‍ കി മൂണ്‍, അവര്‍ ജനങ്ങളുടെ വിശ്വാസം തകര്‍ത്തതായും അഭിപ്രായപ്പെട്ടു.

 

Tags:    
News Summary - aleppo battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.