സാവോ പോളോ: ആമസോൺ മഴക്കാടുകളിൽ തുടരുന്ന കാട്ടുതീ പ്രതിരോധിക്കാൻ നടപടിയുമായി ബ്രസീൽ ഭരണകൂടം. കാട് വെട്ടിത്തെള ിച്ച് തീയിടുന്നതിന് രാജ്യത്ത് 60 ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തി. അന്താരാഷ്ട്ര തലത്തിൽ രൂക്ഷ വിമർശനം ഉയർന്ന തോടെയാണ് കാട്ടുതീ നിയന്ത്രിക്കാൻ കൂടുതൽ നടപടി കൈക്കൊള്ളാൻ ബ്രസീൽ അധികൃതർ നിർബന്ധിതരായത്.
പ്രതിരോധ നടപടി കൾ കൈക്കൊണ്ടില്ലെങ്കിൽ ഇപ്പോഴുള്ളതിനെക്കാൾ വലിയ കാട്ടുതീ വരാനിരിക്കുന്നതായി ബ്രസീലിലെ പ്രമുഖ പരിസ്ഥിതി വിദഗ്ധനായ താസോ അസീവേദോ മുന്നറിയിപ്പ് നൽകിയിരുന്നു. ഭൂമി തെളിക്കാനായി മരങ്ങളും കാടുകളും വെട്ടിമുറിച്ച് തീയിടുന്നത് കാട്ടുതീയുടെ പ്രധാന കാരണമായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വനനശീകരണത്തിന്‍റെ ഫലമാണ് ഇപ്പോഴുള്ള തീപ്പിടിത്തം.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ നശീകരണത്തിൽ വൻ വർധനവുണ്ടായി. ഇതിന്‍റെ ഫലമായുള്ള തീപിടിത്തം വരാനിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. സസ്യങ്ങൾ ദ്രവിക്കുമ്പോൾ ഉൽപ്പാദിപ്പിക്കുന്ന വാതകങ്ങൾ കത്താൻ ഒരുങ്ങി നിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വേനൽക്കാലം അവസാനിക്കുന്ന നവംബർ മാസം വരെ ഭൂമി വെട്ടിത്തെളിച്ച് തീയിടുന്നതിന് നിരോധനം വേണമെന്നും വനനശീകരണത്തിനെതിരെ ശക്തമായ നടപടി വേണമെന്നും അസീവേദോ മുന്നറിയിപ്പ് നൽകുന്നു.
കാട്ടുതീ അണക്കാനായി ഏഴ് സംസ്ഥാനങ്ങളിലായി 44,000 സൈനികരെ നിയോഗിച്ചതായി സർക്കാർ അറിയിച്ചു. തീയണക്കാനായി ചിലി വാഗ്ദാനം ചെയ്ത നാല് വിമാനങ്ങളുടെ സേവനവും ബ്രസീൽ സ്വാഗതം ചെയ്തിട്ടുണ്ട്.
ഈ വർഷം 83,000ത്തോളം തീപിടിത്തമാണ് ആമസോൺ മേഖലയിൽ ഉണ്ടായത്. 2018നെക്കാൾ 77 ശതമാനം കൂടുതലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.