സിഡ്നി: ആസ്ട്രേലിയ വൻകരയെ ചാമ്പലാക്കിക്കൊണ്ട് തുടരുന്ന കാട്ടുതീയിൽ (ബുഷ് ഫയർ) കണക്കില്ലാത്ത നാശനഷ്ടം. വെള്ള ിയാഴ്ച കാട്ടുതീ ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്ന് വിക്ടോറിയ സംസ്ഥാനത്ത് മാത്രം രണ്ടരലക്ഷത ്തോളം പേരോട് വീടൊഴിയാൻ നിർദേശിച്ചിരിക്കുകയാണ്. വർധിക്കുന്ന താപനിലയും ഉഷ്ണക്കാറ്റുമാണ് കാട്ടുതീയുടെ പ്രധാന കാരണം.
40 ഡിഗ്രീ സെൽഷ്യസിനും മേലെയാണ് പലയിടത്തും ചൂട്. കഴിയുന്നവരെല്ലാം രക്ഷാകേന്ദ്രങ്ങളിലേക്ക് മാറണമെന്നും വിദൂര മേഖലകളിലും വനപ്രദേശങ്ങളിലും കഴിയരുതെന്നും ദുരന്ത നിവാരണ വിഭാഗം നിർദേശം നൽകിയിരിക്കുകയാണ്. വിക്ടോറിയ കൂടാതെ ന്യൂ സൗത് വെയിൽസിലും തെക്കൻ ആസ്ട്രേലിയയിലുമെല്ലാം സമാന സാഹചര്യമാണുള്ളത്.
വെള്ളിയാഴ്ച വൈകീട്ടോടെ രണ്ട് ഭാഗത്തെ കാട്ടുതീ കൂടിച്ചേർന്ന് അതിരൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. തെക്കൻ ആസ്ട്രേലിയയിലെ കങ്കാരൂ ദ്വീപ് ഉൾപ്പടെ കടുത്ത ഭീഷണി നേരിടുകയാണ്. വംശനാശ ഭീഷണി നേരിടുന്ന സസ്തനി വർഗമായ കൊവാലകൾ ആയിരക്കണക്കിന് എണ്ണമാണ് കാട്ടുതീയിൽ ചത്തൊടുങ്ങിയത്.
100 കാട്ടുതീയാണ് ന്യൂ സൗത് വെയിൽസിൽ മാത്രം റിപ്പോർട്ട് ചെയ്തത്. വിക്ടോറിയയിലും സമാന ദുരന്തമാണ് സംഭവിച്ചത്.
27 പേർ ഇതുവരെ കാട്ടുതീയിൽ മരിച്ചതായാണ് കണക്ക്. 10.3 മില്യൺ ഹെക്ടർ പ്രദേശത്താണ് തീ വ്യാപിച്ചത്. ആകെ 50 കോടിയോളം ജീവികൾക്ക് നാശം സംഭവിച്ചതായി സിഡ്നി സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. 2000ഓളം വീടുകൾ നശിച്ചിട്ടുണ്ട്.
അമേരിക്ക, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സൈനികരും ആസ്ട്രേലിയയിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.