ധാക്ക: പൊലീസ്പോസ്റ്റുകൾക്കുനേരെയുണ്ടായ ആക്രമണത്തിെൻറ മറവിൽ റാഖൈൻ പ്രവിശ്യയിൽ റോഹിങ്ക്യകൾക്കുനേരെ സൈന്യം തുടരുന്ന നരമേധത്തിൽനിന്ന് രക്ഷപ്പെട്ട് നാടുവിടുന്നവരെ മടക്കി അയച്ച് ബംഗ്ലാദേശ്. സൈനികവേട്ട ഭയന്ന് അയൽരാജ്യത്തേക്കുകടക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് മുന്നിൽ ബംഗ്ലാദേശ് അതിർത്തി കൊട്ടിയടച്ചേതാടെ പോകാൻ വഴിയില്ലാതെ കൊടുംദുരിതത്തിലാണ് റോഹിങ്ക്യൻ മുസ്ലിംകൾ.
വർഷങ്ങൾക്കിടെ മേഖലയിലുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച ആയുധമണിഞ്ഞെത്തിയ തീവ്രവാദികൾ 30 ഒാളം പൊലീസ് എയ്ഡ്പോസ്റ്റുകൾക്കുനേരെ ആക്രമണം നടത്തിയതോടെയാണ് റാഖൈനിൽ സൈനിക പ്രതികാരത്തിന് മൂർച്ച കൂടുന്നത്. എട്ടുലക്ഷത്തോളം പേർ താമസിക്കുന്ന മോങ്ഡോ, ബുത്തിഡോങ്, റാതിഡോങ് പട്ടണങ്ങളിലും പരിസരങ്ങളിലും പട്ടാളം നടത്തിയ തെരച്ചിലിലും വെടിവെപ്പിലും പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ കൊല്ലപ്പെട്ടു. സർക്കാർ രേഖകളിൽ 96 മരണം മാത്രമേയുള്ളൂവെങ്കിലും 800 ലേറെ പേരെങ്കിലും സൈനിക തോക്കുകൾക്ക് ഇരയായതായി റോഹിങ്ക്യൻ മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
പതിനായിരത്തോളം പേർ നാടുവിട്ട് മറ്റിടങ്ങളിൽ അഭയം തേടിയതായാണ് സൂചന. പ്രദേശങ്ങളിലെ മുസ്ലിം ഭവനങ്ങൾ, ആരാധനാലയങ്ങൾ, പ്രാഥമിക മതപഠനശാലകൾ എന്നിവ അഗ്നിക്കിരയായി. വീടുവിടുന്ന റോഹിങ്ക്യൻ ന്യൂനപക്ഷങ്ങൾക്ക് ആശുപത്രികളിൽ പോലും അഭയംലഭിക്കാത്ത സാഹചര്യമുണ്ട്. പലരും എല്ലാം നഷ്ടപ്പെട്ട് നെൽപാടങ്ങളിൽ കഴിയുന്നത് കരളലിയിക്കുന്ന കാഴ്ചയാണെന്ന് അൽജസീറ റിപ്പോർട്ട് പറയുന്നു. പ്രദേശത്ത് സഹായപ്രവർത്തനങ്ങളുമായി നിലനിന്ന യു.എൻ അഭയാർഥി സംഘടന വളൻറിയർമാരെയും സന്നദ്ധസംഘടന പ്രതിനിധികളെയും സർക്കാർ പുറത്താക്കിയതും തിരിച്ചടിയായി.
സൈനികമേധാവിത്വം അവസാനിപ്പിച്ച് അധികാരത്തിലേറിയ നൊബേൽ ജേതാവ് ആങ്സാൻ സൂചിയുടെ സർക്കാർ കൂടുതൽ തീവ്രമായ നിലപാടാണ് റോഹിങ്ക്യകൾക്കെതിരെ സ്വീകരിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നു. നൂറ്റാണ്ടുകളായി റാഖൈനിൽ കഴിയുന്ന റോഹിങ്ക്യകൾക്ക് പൗരത്വം നിഷേധിച്ച് അനധികൃത കുടിയേറ്റക്കാരായി മാറ്റിനിർത്തുന്ന നിലപാടിൽ മാറ്റംവരുത്താൻ ഇതുവരെയും ഒരു സർക്കാറും തയാറായിട്ടില്ല.
ഇതുമൂലം എല്ലാം നിഷേധിക്കപ്പെടുന്നവരെ സ്വീകരിക്കാൻ മാതൃരാജ്യമെന്ന് ആരോപിക്കപ്പെടുന്ന ബംഗ്ലാദേശും തയാറല്ല. അനുമതിയില്ലാതെ അതിർത്തി കടന്ന നാലുലക്ഷത്തോളം റോഹിങ്ക്യകൾ ബംഗ്ലാദേശിൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.