ധാക്ക: റോഡ് സുരക്ഷ വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധത്തിെൻറ എട്ടാം ദിവസമായ ഞായറാഴ്ച ആയിരക്കണക്കിന് സ്കൂൾ, കോളജ് വിദ്യാർഥികൾ നഗരത്തിലെത്തി. വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് ടിയർഗ്യാസും ലാത്തിച്ചാർജും നടത്തിയത് സംഘർഷത്തിന് കാരണമായി. സംഭവത്തിൽ നൂറിലേറെ കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ, വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ അജ്ഞാതരായ ആൾകൂട്ടവും കഴിഞ്ഞ ദിവസം ആക്രമണം നടത്തി.
പ്രതിഷേധക്കാർ നഗരം വിട്ടുപോകാനാവശ്യപ്പെട്ടാണ് ആയുധങ്ങളുമായെത്തിയ സംഘം അക്രമമഴിച്ചുവിട്ടത്. ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപിക്കപ്പെടുന്നത്. പ്രതിഷേധക്കാർക്കിടയിലൂടെ കടന്നുപോവുകയായിരുന്ന യു.എസ് അംബാസഡറുടെ കാറിനു നേരെയും കൈയേറ്റശ്രമമുണ്ടായെങ്കിലും പരിക്കേൽകാതെ രക്ഷപ്പെട്ടു. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരത്തിൽ 24 മണിക്കൂർ ഇൻറർനെറ്റ് നിരോധിച്ചിട്ടുണ്ട്. കുട്ടികൾ നഗരത്തിലെ സമരപ്രദേശത്ത് എത്താതിരിക്കാൻ പൊലീസ് കർശനമായ പരിശോധനയും നടത്തുന്നുണ്ട്.
വിദ്യാർഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി ശൈഖ് ഹസീന രംഗത്തെത്തി. കുട്ടികൾ നഗരത്തിൽനിന്ന് പിരിഞ്ഞുപോകണമെന്നും അവരെ വീട്ടിൽനിന്ന് പുറത്തുവിടാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ബസ് അപകടത്തിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.