ഫനൊംപെൻ: തെക്കുകിഴക്കൻ ഏഷ്യൻരാജ്യമായ കംബോഡിയയിൽ മുതിർന്ന ഖമർറൂഷ് ഭരണാധികാരികൾക്കെതിരെ യു.എൻ കോടതി യുദ്ധക്കുറ്റം ചുമത്തി. 1975മുതൽ 1979വരെ ഖമർറൂഷ് ഭരണകൂടം രാജ്യത്ത് നടത്തിയ വംശഹത്യയെ തുടർന്നാണ് നടപടി. ഖമർറൂഷ് ഭരണകൂടത്തിലെ മുതിർന്ന നേതാക്കളായ കിയു സാംഫൻ, നുവോൺ ചിയ എന്നിവർക്കെതിരെയാണ് യുദ്ധക്കുറ്റം ചുമത്തിയത്. 2014ൽ മനുഷ്യത്വവിരുദ്ധ കുറ്റകൃത്യങ്ങൾ വിചാരണചെയ്യുന്ന ട്രൈബ്യൂണൽ ഇരുവരെയും ജീവപര്യന്തം തടവിനുശിക്ഷിച്ചിരുന്നു. വംശഹത്യ സംബന്ധിച്ച് ട്രൈബ്യൂണലിെൻറ അന്തിമവിധിയായിരിക്കും ഇതെന്നാണ് കരുതുന്നത്.
2006ലാണ് കുറ്റക്കാരെ വിചാരണചെയ്യാൻ കംബോഡിയയിലെയും രാജ്യത്തിനു പുറത്തെയും ജഡ്ജിമാരെ ഉൾപ്പെടുത്തി ട്രൈബ്യൂണൽ സ്ഥാപിച്ചത്. ഇതുവരെ മൂന്നുപേരെ മാത്രമേ കോടതിക്ക് ശിക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 2010ൽ ഖമർറൂഷ് ഭരണകാലത്തെ പീഡനങ്ങളുടെ പേരിൽ മുൻ ജയിൽ മേധാവിയായിരുന്ന കേയിങ് ഗൂക്ക് ഇവിന്‍ ആജീവനാന്ത തടവ് വിധിച്ചിരുന്നു.
1975ലാണ് ഖമർറൂഷ് ഭരണകൂടം അധികാരത്തിലേറിയത്. നാലുവർഷം നീണ്ട ഭരണകാലത്തിനിടെ രാജ്യത്ത് 17 ലക്ഷം ആളുകൾ കൊല്ലപ്പെട്ടു. കംബോഡിയയുടെ മൊത്തം ജനസംഖ്യയുടെ നാലിലൊന്നു വരുമിത്. വിയറ്റ്നാം വംശജരും തദ്ദേശീയ മുസ്ലിംകളുമാണ് കൂട്ടക്കുരുതിക്കിരയായത്. വംശഹത്യക്കുപുറമെ ആളുകളെ പട്ടിണിക്കിട്ടും അധികജോലിചെയ്യിപ്പിച്ചും പീഡിപ്പിച്ചു. അഞ്ചുദിവസത്തിനിടെ ഒരാളെ എന്നതോതിലായിരുന്നത്രെ ആളുകളെ വധിച്ചിരുന്നത്.
ആരാണ് ഖമർറൂഷ് ഭരണാധികാരികൾ
ഫനൊംപെൻ: മാവോ സെ തുങ്ങിെൻറ നേതൃത്വത്തിലുള്ള തീവ്രകമ്യൂണിസത്തിൽ ആകൃഷ്ടരായ ഒരു വിഭാഗം ആളുകൾ 1970കളിൽ കംബോഡിയയിൽ പോൾ പോട്ടിെൻറ നേതൃത്വത്തിൽ തുടക്കം കുറിച്ച പ്രസ്ഥാനമാണ് ഖമർറൂഷ്. പോൾ പോട്ടിെൻറ പ്രധാന സഹായിയായിരുന്നു ഖമർറൂഷിെൻറ രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ച നുവോൺ ചിയയും കിയു സാംഫനും.
പിന്നീട്, 1979ൽ വിയറ്റ്നാം പട്ടാളത്തിെൻറ സഹായത്തോടെ നടന്ന ഇയർ സീറോ വിപ്ലവത്തിലൂടെ ഖമർറൂഷ് ഭരണകൂടത്തെ പുറത്താക്കുകയായിരുന്നു. രാജ്യത്തുനിന്ന് പലായനം ചെയ്ത േപാൾ പോട്ടിനെ പിന്നീട് പിടികൂടി വീട്ടുതടങ്കലിലാക്കി.1998ൽ അന്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.