ഗസ്നി (അഫ്ഗാനിസ്ഥാൻ): രഹസ്യാന്വേഷണ ഏജൻസിക്ക് സമീപം നടന്ന കാർ ബോംബ് ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ ഗസ്നിയിലാണ് സംഭവം. മരിച്ചവരിലും പരിക്കേറ്റവരിലും അധികവും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ്.
നഗരത്തിലെ ദേശീയ സുരക്ഷാ കാര്യാലയം ലക്ഷ്യമിട്ടാണ് അക്രമികളെത്തിയതെന്ന് കരുതുന്നതായി ഗവർണറുടെ വക്താവ് വാഹിദുല്ല ജുമാസദ വാർത്ത ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. കാബൂളിലെ ആഭ്യന്തര മന്ത്രാലയവും ഗസ്നിയിലെ ആരോഗ്യ വകുപ്പും ആക്രമണം സ്ഥിരീകരിച്ചു.
അതിരാവിലെ നടന്ന ആക്രമണത്തിെൻറ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. അഫ്ഗാൻ പ്രസിഡൻറ് അഷ്‌റഫ് ഗനിയും മുഖ്യ എതിരാളി അബ്ദുല്ല അബ്ദുല്ലയും അധികാര പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ബോംബാക്രമണം നടന്നത്. വാഷിങ്ടൺ സ്വാഗതം ചെയ്ത ഈ കരാർ താലിബാനുമായി സമാധാന ചർച്ചകൾ ആരംഭിക്കുന്നതിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഈ പുതിയ രാഷ്ട്രീയ നീക്കത്തിൽ എതിർപ്പുള്ളവരാണോ സ്ഫോടനത്തിന് പിന്നിലെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.