ജകാർത്ത: ഇന്തോനേഷ്യയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ലാംബാക്ക് ദ്വീപിലുണ്ടായ കനത്ത ഭൂചലനത്തിൽ 14 പേർ മരിച്ചു. 160ലധികം ആളുകൾക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിെൻറ വ്യാപ്തി ഏഴു കിലോമീറ്ററായിരുന്നു. ലാംബാക്ക് ദ്വീപിെൻറ വടക്കുള്ള മത്താരം നഗരത്തിെൻറ 50 കി.മീ. വടക്കുകിഴക്ക് ഭാഗമാണ് പ്രഭവകേന്ദ്രം. ഗുരുതരമായി പരിക്കേറ്റ 67 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മലേഷ്യൻ പൗരയായ വിനോദസഞ്ചാരിയും ഉൾപ്പെടുന്നു.
കോൺക്രീറ്റ് കെട്ടിടത്തിെൻറ മേൽക്കൂര ദേഹത്ത് പതിച്ചാണ് ഭൂരിപക്ഷം പേരും മരിച്ചത്. ഞായറാഴ്ച രാവിലെ 6.47ന് ഏവരും ഉറങ്ങുന്ന സമയമായിരുന്നു ഭൂചലനമെന്നത് അപകടത്തിെൻറ തീവ്രത വർധിപ്പിച്ചു. അപകടം നടന്ന പ്രദേശത്ത് വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിച്ചിട്ടുണ്ട്. പരിഭ്രാന്തരായ ജനങ്ങൾ വീട്, ഹോട്ടൽ എന്നിവിടങ്ങളിൽനിന്ന് പുറത്തേക്ക് ഒാടുകയായിരുന്നു. തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടിമാറിയാണു പലരും രക്ഷപ്പെട്ടത്. നീന്തൽക്കുളത്തിൽ തിരമാല കണക്കെ വെള്ളം ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
എന്നിരുന്നാലും സുനാമി സാധ്യത റിപ്പോർട്ട് ചെയ്തിട്ടില്ല. 20-30 സെക്കൻഡ് സമയം ഭൂചലനം തുടർന്നു. ആരംഭത്തിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെ 66 ചെറുപ്രകമ്പനങ്ങളുമുണ്ടായി. ഇതിൽ 5.7 തീവ്രത രേഖപ്പെടുത്തിയവയുമുണ്ട്. പ്രകമ്പനം തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാലി ദ്വീപിലും എത്തി. അപകടത്തിെൻറ പശ്ചാത്തലത്തിൽ ലാംബാക്കിലെ മൗണ്ട് റിൻജാനി ദേശീയോദ്യാനം അടച്ചു. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ റിൻജാനി പർവതത്തിനു മുകളിലേക്കുള്ള ട്രക്കിങ്ങും താൽക്കാലികമായി നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.