മൂസിൽ: െഎ.എസ് ഭീകരർ തേർവാഴ്ച നടത്തിയ ഇറാഖിലെ മൂസിലിൽ 200ലേറെ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതായി യു.എൻ. സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം ആയിരക്കണക്കിന് ഇരകളുടെ മൃതദേഹങ്ങളാണ് ഇവയിൽ കുഴിച്ചുമൂടിയതെന്ന് യു.എൻ ഹ്യൂമൻ റൈറ്റ്സ് ഒാഫിസും യു.എൻ അസിസ്റ്റൻറ്സ് മിഷനും പുറത്തുവിട്ടു. ഇറാഖ് സായുധ സേനാംഗങ്ങളുടെയും പൊലീസിെൻറയും മൃതദേഹാവശിഷ്ടങ്ങളും ഇതിൽ ഉണ്ട്. െഎ.എസിെൻറ തട്ടകമായിരുന്ന ഇറാഖ് ആൻഡ് ലവന്ത് മേഖലയിലെ നിൻവേ, കിർകുക്, സലാഹ്ൽ ദീൻ, അൻബർ എന്നിവിടങ്ങളിലായാണ് കൂട്ടക്കുഴിമാടങ്ങൾ.
മൃതദേഹങ്ങളുടെ കൃത്യമായ എണ്ണം വ്യക്തമല്ലെന്നും ആസൂത്രിതവും വ്യാപകവുമായ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരാണിതെന്നും ഇത് മനുഷ്യത്വത്തിനെതിരായ യുദ്ധക്കുറ്റമായി കാണണമെന്നും യു.എൻ റിപ്പോർട്ട് പറയുന്നു.
ഇറാഖിൽ 33,000ത്തോളം സിവിലിയന്മാർ കൊല്ലപ്പെട്ടതായും 55,000ത്തോളം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. കൂട്ടക്കുഴിമാടങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുന്നപക്ഷം ഇരകളെ തിരിച്ചറിയാനും െഎ.എസ് ഏതുതരം കുറ്റകൃത്യങ്ങളാണ് ഇവർക്കുനേരെ നടത്തിയതെന്ന് അറിയാൻ കഴിയുമെന്നും യു.എൻ പറഞ്ഞു. ഇവിടെനിന്ന് ലഭിക്കുന്ന തെളിവുകൾ വിശ്വാസയോഗ്യമായ അന്വേഷണങ്ങളും വിചാരണയും ശിക്ഷാവിധിയും ഉറപ്പുവരുത്താൻ സഹായിക്കും. ഇവ കുഴിച്ചെടുത്ത് ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറുകയെന്നത് സത്യത്തിെൻറയും നീതിയുടെയും ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു.
2017 ഡിസംബറിൽ യു.എസ് സഖ്യസേനക്കൊപ്പം ഇറാഖി സേന ഇൗ മണ്ണിൽനിന്ന് തുരത്തുന്നതുവരെ െഎ.എസിെൻറ തേർവാഴ്ചയായിരുന്നു ഇവിടെ. സിവിലിയന്മാരെയും സർക്കാർ ജീവനക്കാരെയും എതിരാളികളെയും ലക്ഷ്യമിട്ട് ഇവർ വ്യാപക ആക്രമണങ്ങൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.