അമര്‍ഷമടങ്ങാതെ ഇസ്രായേല്‍

തെല്‍അവീവ്: ഫലസ്തീനിലെ അനധികൃത കുടിയേറ്റങ്ങള്‍ നിര്‍ത്തിവെക്കണമെന്ന യു.എന്‍ രക്ഷാസമിതി പ്രമേയം പാസായതിലുള്ള ഇസ്രായേലിന്‍െറ അമര്‍ഷം അടങ്ങുന്നില്ല. പ്രമേയത്തെ അനുകൂലിച്ച അമേരിക്കയുള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഇസ്രായേല്‍ ഭരണകൂടം അഴിച്ചുവിട്ടത്.

രക്ഷാസമിതിയിലെ 15 അംഗരാജ്യങ്ങളുടെയും തെല്‍അവീവിലെ അംബാസഡര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച ഇസ്രായേല്‍, യു.എന്നുമായുള്ള ബന്ധം തുടരുന്നതുസംബന്ധിച്ച് പുന$പരിശോധന നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്ത 14 രാജ്യങ്ങളുടെയും അംബാസഡര്‍മാരെയാണ് ആദ്യം വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചത്. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞാണ്, വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് മറ്റംഗങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കിയ അമേരിക്കന്‍ പ്രതിനിധിയെ സര്‍ക്കാര്‍ ആസ്ഥാനത്തേക്ക് വിളിപ്പിച്ചത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലും ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റങ്ങള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും ഫലസ്തീനുമായുള്ള ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലക്ക് ഈ പ്രവൃത്തി എതിരാണെന്നും വ്യക്തമാക്കുന്ന രക്ഷാസമിതി പ്രമേയത്തിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അംഗീകാരം ലഭിച്ചത്.

പ്രമേയത്തിന് പിന്നില്‍ അമേരിക്കയാണെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ പ്രധാന ആരോപണം. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും മുന്‍കൈയെടുത്താണ് പ്രമേയത്തിന്‍െറ കരട് തയാറാക്കിയതെന്ന് കഴിഞ്ഞദിവസം നടത്തിയ റേഡിയോ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ രാഷ്ട്രീയ നിലപാടിന് എതിരാണ് ഇത്. 2011ല്‍ ഒബാമ തന്നെ സമാനമായ പ്രമേയത്തെ വീറ്റോ ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഭാവിയില്‍ യു.എന്നുമായുള്ള സഹകരണം എപ്രകാരമായിരിക്കണമെന്ന കാര്യത്തില്‍ നയം രൂപവത്കരിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.

യു.എന്‍ സമിതികളുമായുള്ള ബന്ധം ഇസ്രായേല്‍ വിച്ഛേദിക്കുമെന്നും സൂചനയുണ്ട്. ഫണ്ടിങ്ങും നിര്‍ത്തിവെച്ചേക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായുള്ള കൂടിക്കാഴ്ചയും നെതന്യാഹു ഉപേക്ഷിച്ചു.പ്രമേയത്തിന്‍െറ പശ്ചാത്തലത്തില്‍ ഫലസ്തീനുമായുള്ള സിവിലിയന്‍ സഹകരണം ഇസ്രായേല്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. യു.എന്‍ നിലപാടില്‍ പ്രതിഷേധിച്ച് ഫലസ്തീനിലെ പുതിയ കുടിയേറ്റ പദ്ധതികള്‍ കൂടി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിലെ ഭരണകക്ഷിയിലെ ഏതാനും അംഗങ്ങള്‍ രംഗത്തത്തെിയിട്ടുണ്ട്. പ്രമേയത്തെ അനുകൂലിച്ച ഏതാനും രാജ്യങ്ങള്‍ക്കെതിരെ ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ക്കും ഇസ്രായേല്‍ മുതിരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമേയം കൊണ്ടുവന്ന രാജ്യങ്ങളിലൊന്നായ സെനഗാളിനുള്ള സാമ്പത്തികസഹായം നിര്‍ത്തിവെച്ചതായി ഇസ്രായേല്‍ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, പ്രമേയത്തിന്‍െറ പശ്ചാത്തലത്തില്‍ ഇസ്രായേലിനെതിരെ ഉപരോധമേര്‍പ്പെടുത്താനും ഏതാനും രാജ്യങ്ങള്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്.

 

Tags:    
News Summary - Netanyahu snubs May over UN settlements vote, Israeli media says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.