കൊളംബോ: കാൻഡി ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തെ തുടർന്ന് ശ്രീലങ്കയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ സർക്കാർ നീട്ടില്ല. പുതിയ അക്രമസംഭവങ്ങൾ എവിടെയും ഉണ്ടാകാത്ത സാഹചര്യം കണക്കിലെടുത്താണ് പത്തു ദിവസത്തേക്കു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നീേട്ടണ്ടതില്ലെന്ന തീരുമാനം. സിംഹള ബുദ്ധമതാനുയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് ശ്രീലങ്കയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.
കലാപത്തിൽ രണ്ടു പേർ മരിക്കുകയും നിരവധി വീടുകളും പള്ളികളും തകർക്കപ്പെടുകയും ചെയ്തു. കാൻഡിയിലുണ്ടായ വർഗീയ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രസിഡൻറ് മൈത്രിപാല സിരിസേന മൂന്നംഗ കമീഷനെ നിയമിച്ചിരുന്നു.
മാർച്ച് ആറിനാണ് സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭൂരിപക്ഷവിഭാഗമായ സിംഹള ബുദ്ധന്മാരും ന്യൂനപക്ഷക്കാരായ മുസ്ലിംകളും തമ്മിലുള്ള സംഘർഷം തടയാനായി പൊലീസിനെയും സൈന്യത്തെയും വിന്യസിക്കുകയും ചെയ്തു.
െഎ.ജി അടക്കമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് ചർച്ച ചെയ്തപ്പോൾ രാജ്യത്തെ സുരക്ഷ സാധാരണ നിലയിലെത്തിയതായി മനസ്സിലാക്കിയെന്നും അതിനാൽ 15 വരെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നീേട്ടണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നുവെന്ന് ശ്രീലങ്ക ആഭ്യന്തരമന്ത്രി രഞ്ജിത്ത് മഡ്ഡുമബന്ദാര പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ച് വിദ്വേഷം പടർത്താൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനാൽ ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങൾക്കും സമൂഹസന്ദേശ ആപ്പുകൾക്കും സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
ഇത്തരത്തിലുള്ള സമൂഹമാധ്യമങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തുന്നതിെൻറ സാധ്യതയും പൊലീസുമായി ചർച്ച ചെയ്തിരുന്നതായി മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.