സോൾ: ദക്ഷിണ കൊറിയയുമായി ഇന്ന് നടത്താനിരുന്ന ഉന്നതതല യോഗം ഉത്തര കൊറിയ റദ്ദാക്കി. അമേരിക്കയുമായി ദക്ഷിണ കൊറിയ നടത്തിയ സംയുക്ത സൈനിക പരിശീലനത്തിൽ പ്രകോപിതരായാണ് ഉത്തര കൊറിയയുടെ അപ്രതീക്ഷിത നീക്കം. ദക്ഷിണ കൊറിയയുമായുള്ള സമാധാന ചർച്ചകൾ ഉത്തര കൊറിയ അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
സൈനിക പരിശീലനം പ്രകോപനപരമാണെന്നും അധിനിവേശത്തിനുള്ള നീക്കമാണിതെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി. ജൂണിൽ നടക്കാനിരുന്നു ഡോണാൾഡ് ട്രംപ്-കിങ് ജോങ് ഉൻ കൂടിക്കാഴ്ചയും സൈനിക പരിശീലനം പ്രതികൂലമായി ബാധിക്കുമെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
അതിനിടെ, ട്രംപ്-കിം കൂടിക്കാഴ്ചക്ക് മുന്നോടിയായി ഉത്തര കൊറിയ ആണവ പരീക്ഷണ കേന്ദ്രം പൊളിച്ചു തുടങ്ങിയതായും റിപ്പോർട്ടുണ്ട്. പുൻഗ്യറിയിലെ കേന്ദ്രം പൂർണമായി നശിപ്പിക്കുമെന്നും അവസാന ദിവസം ഇൗമാസം 23നും 25നും ഇടയിൽ ക്ഷണിക്കപ്പെട്ട വിദേശ മാധ്യമപ്രവർത്തകർക്ക് ഇതിന് സാക്ഷികളാവാൻ അവസരമൊരുക്കുമെന്നും ഉത്തര കൊറിയ അറിയിച്ചിട്ടുണ്ട്.
ആണവ പരീക്ഷണ കേന്ദ്രം പൊളിച്ചു തുടങ്ങിയെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനം ശരിയാണെന്നും സാറ്റലൈറ്റ് ചിത്രങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നതായും യു.എസ് നിരീക്ഷണ ഗ്രൂപ് സ്ഥിരീകരിച്ചു. ഉത്തര കൊറിയ ഇതുവരെ നടത്തിയ ആറ് ആണവ പരീക്ഷണങ്ങളും രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള പുൻഗ്യറിയിലെ കേന്ദ്രത്തിലാണ് അരങ്ങേറിയിരുന്നത്.
ഇതിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ അവസാനത്തെ ആണവ പരീക്ഷണം അമേരിക്ക ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിെൻറ പത്തിരട്ടി ശക്തിയേറിയതായിരുന്നുവെന്ന് ചില ഗവേഷകർ വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയ തന്നെ ഇതിനെ ‘എച്ച്-ബോംബ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ഏപ്രിൽ 27ന് ഇരു കൊറിയകൾ തമ്മിൽ നടത്തിയ ഉച്ചകോടിയിൽ ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാൻ ധാരണയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.