ഗോഥൻബർഗ്: സ്വീഡനിലെ ഗോഥൻബർഗ് വിമാനത്താവളം കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ചത് അപൂർവ സമരത്തിനാണ്. അഫ്ഗാനിൽനിന്നുള്ള അഭയാർഥിയെ നാടുകടത്താനുള്ള നീക്കത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകയായ പെൺകുട്ടി വിമാനത്തിനകത്ത് നടത്തിയ ഒറ്റയാൾ സമരം വിജയിച്ചു. ഗോഥൻബർഗ് സർവകലാശാലയിലെ വിദ്യാർഥിയായ എലിൻ എർസണും സുഹൃത്തും തുർക്കിയിലേക്കുള്ള യാത്രക്കാണ് വിമാനത്താവളത്തിൽ എത്തിയത്.
ടിക്കറ്റെടുത്തതിനു ശേഷമാണ് ഇതേ വിമാനത്തിൽ നാടുകടത്താൻ നിശ്ചയിച്ച അഫ്ഗാൻ പൗരനെ ഇവർ കണ്ടത്. തുടർന്ന് വിമാനത്തിൽ കയറിയ ഉടൻതന്നെ എലിൻ ഉച്ചത്തിൽ ഇംഗ്ലീഷിൽ സംസാരിച്ചുകൊണ്ട് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. വിമാനത്തിൽ ഇരിക്കാൻ കൂട്ടാക്കാതെയായിരുന്നു എലിെൻറ പ്രതിഷേധം. ഇതര യാത്രക്കാരുടെ ദേഷ്യത്തിനും സഹതാപത്തിനും ഒരുപോലെ സംഭവം വഴിവെച്ചു.
പ്രതിഷേധ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഇതിനകംതന്നെ അഞ്ചു ലക്ഷത്തോളം പേർ ആണ് വിഡിയോ കണ്ടത്. നിങ്ങൾ നിങ്ങളുടെ യാത്ര മുടങ്ങരുതെന്ന് ആഗ്രഹിക്കുന്നപോലെ ഒരു മനുഷ്യെൻറ ജീവിതം വലിച്ചെറിയപ്പെടരുതെന്ന് ഞാനും ആഗ്രഹിക്കുന്നുവെന്ന് വിമാനത്തിലെ മറ്റു യാത്രക്കാരോട് ഇവർ പറയുന്നുണ്ട്. അഫ്ഗാൻ അഭയാർഥിയെ വിമാനത്തിൽനിന്ന് ഇറക്കുന്നതുവരെ താൻ സീറ്റിൽ ഇരിക്കുന്ന പ്രശ്നമില്ലെന്നും എലിൻ പറഞ്ഞു. നാടകം നിർത്തണമെന്ന് വിമാന ജീവനക്കാർ വിളിച്ചുപറയുന്നുണ്ടെങ്കിലും ഒരു മനുഷ്യെൻറ ജീവൻ രക്ഷിക്കാനാണ് താൻ ശ്രമിക്കുന്നതെന്നായിരുന്നു മറുപടി.
ക്ഷുഭിതനായ ഒരു യാത്രക്കാരൻ ഇവരുടെ ഫോൺ പിടിച്ചുവാങ്ങിയപ്പോൾ നിങ്ങൾക്ക് ഒരു ജീവനാണോ സമയമാണോ വലുത് എന്ന് അവർ ചോദിച്ചു. ഇയാൾ അഫ്ഗാനിസ്താനിൽ സുരക്ഷിതൻ ആയിരിക്കില്ല. രാജ്യത്തിെൻറ നിയമങ്ങൾ മാറ്റാനാണ് താൻ ശ്രമിക്കുന്നത്. നരകത്തിലേക്ക് ആളുകളെ അയക്കുന്ന അത്തരം നിയമങ്ങൾ താൻ ഇഷ്ടപ്പെടുന്നിെല്ലന്നും പറഞ്ഞ് എലിൻ കണ്ണീർ പൊഴിക്കുകയായിരുന്നു. ഒടുവിൽ പെൺകുട്ടിയുടെ സമരത്തിനു മുന്നിൽ അധികൃതർക്ക് വഴങ്ങേണ്ടിവന്നു. അഫ്ഗാൻ അഭയാർഥിയെ വിമാനത്തിൽനിന്ന് പുറത്തിറക്കിയ ശേഷമാണ് വിമാനം യാത്ര പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.