ധാക്ക: ബംഗ്ലാദേശിൽ അഭയാർഥികൾ ആയി എത്തിയ റോഹിങ്ക്യൻ മുസ്ലിംകൾക്കിടയിൽ കോളറ നിർമാർജന യജ്ഞവുമായി യു.എൻ. ലക്ഷക്കണക്കിന് റോഹിങ്ക്യകൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളിൽ ആണ് കോളറക്കെതിരായ വാക്സിൻ നൽകുന്നത്. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഹെൽത്ത് സെൻററുകൾക്കു മുന്നിൽ വെയിലിലും ചൂടിലും ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും പുരുഷന്മാരും വരിയായി നിന്നു. പലരുടെയും പക്കൽ കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു.
വായിൽ ഒഴിക്കുന്ന തുള്ളിമരുന്നായിട്ടാണ് വാക്സിൽ നൽകുന്നത്. ബംഗ്ലാദേശ് സർക്കാറുമായി കൈകോർത്താണ് യു.എൻ ഇത് നടപ്പാക്കിയത്. വരും ആഴ്ചകളിൽ ലോകാരോഗ്യ സംഘടനയുടെ വളൻറിയർമാർ ചേർന്ന് ആറര ലക്ഷം റോഹിങ്ക്യകൾക്ക് വാക്സിൻ നൽകാനാണ് പദ്ധതി.
മലിനമായ വെള്ളമാണ് ലക്ഷക്കണക്കിന് പേർക്ക് കുടിക്കാൻ അടക്കം ഇവിടെ ലഭിക്കുന്നത്. ഇതാണ് കോളറ പടരാനുള്ള മുഖ്യ കാരണം. ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശിന് ഉൾക്കൊള്ളാനാവാത്ത എണ്ണം അഭയാർഥികൾ ആണ് ഇവിടേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ ആഴ്ചകളിൽ വരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വീണ്ടും കൂടിയതായി റിപ്പോർട്ടുകൾ പറയുന്നു. തിങ്കളാഴ്ച പതിനായിരം അഭയാർഥികൾകൂടി എത്തിയതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.