പ്യോങ്യാങ്(ഉത്തര കൊറിയ): ആയുധപരീക്ഷണങ്ങളെ തുടർന്ന് യു.എൻ രക്ഷാസമിതി കൊണ്ടുവന്ന ഉപരോധം ഉത്തര കൊറിയ തള്ളി. ഉപരോധതീരുമാനം തങ്ങളുടെ പരമാധികാരത്തെ ഹിംസാത്മകമായി കൈയേറുന്നതിന് തുല്യമാണെന്ന് ഉത്തര കൊറിയൻ വാർത്ത ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. തങ്ങളുടെ ആണവപദ്ധതികൾ വിലപേശലിന് നൽകില്ലെന്നും ഉപരോധത്തിന് ശരിയായ മറുപടി നൽകുമെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.
യു.എൻ നടപടിയിൽ ദക്ഷിണ കൊറിയയും യു.എസും ആഹ്ലാദം പ്രകടിപ്പിച്ചതിനിടെയാണ് പ്രസ്താവന വന്നിരിക്കുന്നത്. ഒരു ബില്യൺ ഡോളറിനേക്കാൾ വിലമതിക്കുന്ന ഖനന-കടൽഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതിക്കാണ് യു.എസ് നേതൃത്വത്തിലുള്ള പ്രമേയത്തിലൂടെ നിരോധനം വന്നിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രമേയം രക്ഷാസമിതിയിൽ െഎകകണ്ഠ്യേന പാസായത്. അമേരിക്കയിലെ വിവിധ ഭാഗങ്ങൾ ആക്രമിക്കാൻ കഴിയുന്ന ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണമാണ് യു.എസിനെ പ്രമേയം കൊണ്ടുവരുന്നതിന് പ്രേരിപ്പിച്ചത്.
ആസിയാൻ രാജ്യങ്ങളുടെ പ്രാദേശിക ഉച്ചകോടിക്കിടെ ഫിലിപ്പീൻസിലെ മനിലയിൽ ഉത്തര-ദക്ഷിണ കൊറിയകളുടെ നേതൃത്വം കൂടിക്കാഴ്ച നടത്തിയതായി ദക്ഷിണ കൊറിയൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, സംഭാഷണത്തിന് തയാറാകണമെന്ന ദക്ഷിണ കൊറിയൻ നിർദേശം ഉത്തര കൊറിയ തള്ളിക്കളഞ്ഞു. ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി കാങ് യുങ് ഹായും ദക്ഷിണ െകാറിയൻ വിദേശകാര്യ മന്ത്രി റി യോങ് ഹേയുമാണ് ചർച്ച നടത്തിയത്.
അതിനിടെ പ്രദേശത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥ സംബന്ധിച്ച് ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഫോൺ സംഭാഷണം നടത്തി. പ്രശ്നത്തിന് സമാധാനപരവും നയതന്ത്ര തലത്തിലുള്ളതുമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് ദക്ഷിണ കൊറിയ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഉത്തര കൊറിയ യു.എസിനും ലോകത്തെ മിക്ക രാജ്യങ്ങൾക്കും കടുത്ത വെല്ലുവിളിയാണെന്ന് ഇരുനേതാക്കളും സമ്മതിച്ചതായും വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ഉപരോധത്തിനായുള്ള യു.എൻ പ്രമേയത്തെ പിന്തുണച്ച രക്ഷാസമിതി അംഗരാജ്യങ്ങളെ ട്രംപ് നന്ദി അറിയിച്ചു. ഉത്തര കൊറിയയുമായി ബന്ധം നിലനിർത്തുന്ന ചൈനയും റഷ്യയുമടക്കമുള്ള രാജ്യങ്ങൾ ഉപരോധത്തെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയിരുന്നു. മിസൈൽ നിർത്താൻ ഉത്തര കൊറിയയോട് ചൈന കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.