വാഷിങ്ടൺ: ചൈനയിൽ കഴിയുന്ന തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരിൽ ചിലർക്ക് ദുരൂഹ രോഗം ബാധിച്ചതിനാൽ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി യു.എസ്. നേരേത്ത ക്യൂബയിലെ ഉദ്യോഗസ്ഥർക്ക് ബാധിച്ചതിന് സമാനമായ രോഗമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, അന്വേഷണത്തിൽ തങ്ങൾക്ക് ഇതുസംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ചൈനീസ് വൃത്തങ്ങൾ പ്രതികരിച്ചു.
ചൈനയിലെ ഗ്വാൻസൗവിലെ കോൺസുലേറ്റ് ജീവനക്കാരനാണ് രോഗം ബാധിച്ചത്. ഇത് ക്യൂബയിൽ നേരേത്തയുണ്ടായ രോഗബാധക്ക് സമാനമാണെന്ന് സൂചന ലഭിച്ചതോടെയാണ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് നടപടിയാരംഭിച്ചത്. വിവരം ലഭിച്ച ഉടൻ കോൺസുലേറ്റിലെ മുഴുവൻ ജീവനക്കാരെയും അവരുടെ ബന്ധുക്കളെയും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇൗ പരിശോധനയിൽ കൂടുതൽ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് റിപ്പോർട്ട് ലഭിച്ചവരെയാണ് യു.എസിലേക്ക് തിരികെയെത്തിക്കുന്നത്.
ദുരൂഹമായ രോഗത്തെക്കുറിച്ച് യു.എസ് വൃത്തങ്ങൾ ഒൗദ്യോഗികമായി ഇതുവരെ വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്നും അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി. 2016ലും 2017ലും ക്യൂബ തലസ്ഥാനമായ ഹവാനയിൽ 24 യു.എസ് പൗരന്മാർക്ക് ദുരൂഹമായ മസ്തിഷ്ക രോഗം ബാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.