കിയവ്: ബെർലാനി മുഫാറോ ഗുരുരോ യുക്രെയ്നിൽ സ്പേസ് എൻജിനീയറിങ്ങിന് പഠിക്കുന്ന സിംബാബ്വെക്കാരിയാണ്. യുദ്ധം കനത്തതോടെ മറ്റുള്ളവർക്കൊപ്പം പോളണ്ട് അതിർത്തിയിലേക്ക് നീങ്ങി. ക്രാകൊവെറ്റ് അതിർത്തിയിലെത്താൻ നാലു ദിവസത്തെ യാത്ര വേണ്ടിവന്നു. അവിടെ ഒമ്പതുമണിക്കൂർ വരിനിന്നാണ് മുന്നിലെത്തിയത്. ഇനി അതിർത്തി കടക്കാൻ ഗുരുരോയുടെ ഊഴമാണ്. എന്നാൽ, അപ്രതീക്ഷിതമായി അവളെയും മറ്റു നാല് ആഫ്രിക്കൻ വിദ്യാർഥികളെയും അതിർത്തി കാവൽ സൈനികൻ ഒരു ഉന്തുവെച്ചുകൊടുത്തു. അവർ വരിയിൽനിന്ന് പുറത്തായി. പിന്നെ മണിക്കൂറുകൾ കരഞ്ഞുപറഞ്ഞിട്ടാണ് അവർക്ക് അപ്പുറത്തെത്താനായത്. 'ഞങ്ങളെ മൃഗങ്ങെളപ്പോലെയാണ് പരിഗണിച്ചത്' അവർ വാഴ്സോയിലെ ഹോട്ടലിൽ നിന്നു പറഞ്ഞു.
ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് അതിർത്തിയിൽനിന്നുള്ള വാർത്തകൾ വ്യക്തമാക്കുന്നത്. യുദ്ധം തുടങ്ങിയതുമുതൽ 6,77,000 അഭയാർഥികളെങ്കിലും യുക്രെയ്നിൽനിന്ന് അയൽരാജ്യങ്ങളിലേക്ക് കടന്നിട്ടുണ്ട്. അതിർത്തികളിൽ പത്തു കിലോമീറ്ററിലധികമാണ് വരി. കൊടുംതണുപ്പ്. പലർക്കും ഭക്ഷണമോ പുതപ്പോ ഇല്ല.
ലെവിവ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ നേരത്ത് ക്ലയർ മൂർ എന്ന ആഫ്രിക്കൻ വിദ്യാർഥിനിയെ ഗാർഡ് തടഞ്ഞു. ഇതു സ്ത്രീകൾക്കുമാത്രമുള്ള ട്രെയിനാണ് എന്നാണ് ഗാർഡ് പറഞ്ഞത്. പെണ്ണായ തെന്റ മുഖത്തുനോക്കി ഇതു സ്ത്രീകൾക്കുമാത്രമുള്ളതാണ് എന്ന് ആക്രോശിച്ചത് വംശീയതയുടെ അങ്ങേയറ്റമാണ് എന്ന് തിരിച്ചറിയാൻ അൽപം സമയമെടുത്തു എന്നാണ് മൂർ പറയുന്നത്. മെഡൈക പോലുള്ള അതിർത്തികളിൽ വിദ്യാർഥികളുടെ ദേശം തിരിച്ചുള്ള നടപടി വംശീയതക്ക് കാരണമായതായി ഈ രംഗത്തെ ചില സന്നദ്ധ പ്രവർത്തകർ പറഞ്ഞു. യുക്രെയ്ൻ, പോളിഷ് പൗരന്മാർക്ക് വാഹന പാതയിലൂടെയാണ് അതിർത്തിയിൽ പ്രവേശനം. എന്നാൽ, വിദേശികൾ കാൽനടക്കാരുടെ വഴി തിരഞ്ഞെടുക്കണം. ഇവിടെ നടപടികൾ പൂർത്തിയാകാൻ 14 മുതൽ 50 മണിക്കൂർ വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.
ആഫ്രിക്കൻ വിദ്യാർഥികൾ അതിർത്തിയിൽ നേരിടുന്ന വംശീയ പ്രശ്നങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. സംഭവങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് ആഫ്രിക്കൻ യൂനിയൻ പ്രതികരിച്ചു. നൈജീരിയ സർക്കാറും വംശീയതക്കെതിരെ രംഗത്തുവന്നു. മൾഡോവ, റുമേനിയ തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തിയിൽ വലിയ പ്രശ്നങ്ങളില്ലെന്നാണ് പൊതുവെ വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.