യാങ്കൂൺ: പട്ടാള അട്ടിമറിക്കെതിരെ മ്യാൻമറിൽ നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ 18 പേർ കൊല്ലപ്പെട്ടു. 30 ലധികം പേർക്ക് പരുക്കേറ്റു. യു.എൻ മനുഷ്യാവകാശ ഓഫീസാണ് സംഭവം പുറത്തെത്തിച്ചത്. പട്ടാള അട്ടിമറിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ മരണനിരക്കാണിത്.
ഫെബ്രുവരി ഒന്നിനാണ് പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തത്. ഭരണാധികാരിയും നൊബെൽ സമ്മാന ജേതാവുമായ ഓങ് സാങ് സൂചിയെയും ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയിരിക്കുകയാണ്.
അതെ സമയം പട്ടാള അട്ടിമറിക്കെതിതെ മ്യാൻമറില്‍ ശക്തമായ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രക്ഷോഭത്തെ അടിച്ചമർത്താൻ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുകയും ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്തിരുന്നു. മെഡിക്കൽ വിദ്യാർഥികളും യുവാക്കളുമടക്കം രാപകൽ വിത്യാസമില്ലാതെ തെരുവിൽ പ്രതിഷേധത്തിലാണ്. പ്രതിഷേധങ്ങൾ ശക്തമായതിനൊപ്പം വ്യാപിക്കാൻ തുടങ്ങിയതോടെയാണ് ശനിയാഴ്ച മുതൽ പ്രക്ഷോഭർക്ക് നേരെ സൈന്യം തോക്കുപയോഗിക്കാൻ തുടങ്ങിയതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
പട്ടാളത്തിന്‍റെ കിരാത നടപടിയിൽ ശക്തമായി അപലപിക്കുന്നതായി യു.എൻ അറിയിച്ചു. സമാധാനമായി പ്രതിഷേധിക്കുന്നവർക്ക് നേരെ നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.