പാകിസ്താൻ മുൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വാഹനത്തിന് നേരെ ആക്രമണം

ലാഹോർ: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വാഹനവ്യൂഹം തടഞ്ഞ നാട്ടുകാർ അദ്ദേഹത്തിന്റെ കാറിന്റെ ചില്ല് തകർത്തു. ഷെഹ്ബാസ് ഷെരീഫിന്റെ ഭരണകാലം അഴിമതി നിറഞ്ഞതായിരുന്നുവെന്ന് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ അദ്ദേഹം രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുവെന്നും ആരോപിച്ചു.

2022 ഏപ്രിൽ മുതൽ 2023 ആഗസ്റ്റ് വരെ അദ്ദേഹമായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി. ബുധനാഴ്ച രാത്രിയാണ് തിര​േക്കറിയ പട്ടണത്തിൽ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞത്. വെള്ളപ്പൊക്കവും മറ്റു കാരണവും കൊണ്ട് രാജ്യം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിലവിൽ അൻവാറുൽ ഹഖ് കാക്കർ പ്രധാനമന്ത്രിയായ കാവൽ മന്ത്രിസഭയാണ് പാകിസ്താൻ ഭരിക്കുന്നത്.

അവശ്യ വസ്തുക്കളുടെതടക്കം സാധനങ്ങൾക്ക് വൻ വിലയാണ് ഈടാക്കുന്നതെന്ന് പാകിസ്താനി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അതിർത്തി പ്രദേശങ്ങളിൽ പാചക വാതകത്തിന്റെ വില കിലോയ്ക്ക് 1,200 രൂപയായി ഉയർന്നിട്ടുണ്ട്. കാവൽ സർക്കാർ അധികാരത്തിൽ വന്നശേഷം, രണ്ടുതവണ അസംസ്‌കൃത എണ്ണയുടെ വില വർധിപ്പിച്ചു. നിലവിൽ ഡീസലും പെട്രോളും 300 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. അമിത വില ഈടാക്കുന്നതായി പരാതിപ്പെട്ടിട്ടും സർക്കാർ അടുത്തിടെ വൈദ്യുതി വില ഉയർത്തിയിരുന്നു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും പാകിസ്താൻ മുസ്‍ലിം ലീഗ് പ്രസിഡന്റുമാണ് ഷെഹ്ബാസ് ഷെരീഫ്.

Tags:    
News Summary - Attack on Pakistan's former Prime Minister Shehbaz Sharif's vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.