ഒഹിയോ: അമേരിക്കയിലെ ഒഹിയോയിൽ കഴിഞ്ഞ മാസം പൊലീസ് വെടിവെച്ചുകൊന്ന കറുത്തവംശജനായ യുവാവിന്റെ ദേഹത്ത് വെടിയുണ്ടകളേറ്റതിന്റെ 46 മുറിവുകളുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എത്ര വെടിയുണ്ടകൾ യുവാവിന് ഏറ്റിട്ടുണ്ടെന്നോ എത്ര തവണ വെടിവെച്ചിട്ടുണ്ടെന്നോ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ജയ് ലാന്റ് വാക്കർ എന്ന 25കാരനാണ് ജൂൺ 27ന് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. യു.എസിലെ ഒഹിയോയിൽ അേക്രാൺ പൊലീസാണ് ജയ്‍ലാന്റിനെ വെടിവെച്ചുകൊന്നത്. വെടിയേറ്റ് രക്തം വാർന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. ട്രാഫിക് നിയമം തെറ്റിച്ചുവെന്ന കുറ്റമാണ് ജയ്‍ലാന്റിനെതിരെ ആരോപിക്കുന്നത്. പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ജയ്‍ലാന്റ് നിർത്താതെ ഓടിച്ചു. പൊലീസ് പിന്തുടർന്ന് വരുന്നതുകണ്ട യുവാവ് കാറിന്റെ വേഗത കുറച്ച് വാഹനത്തിൽ നിന്ന് ചാടിയിറങ്ങി ഓടി. പൊലീസ് ഉദ്യോഗസ്ഥർ പിറകെ ഓടി തുടരെ വെടിവെക്കുകയായിരുന്നു.
കറുത്ത വംശജന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് പേർ അക്രോൺ സിറ്റിയിൽ ദുഃഖാചരണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് റിപ്പോർട്ട് പുറത്തു വന്നത്. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ നഗരത്തിൽ വെള്ളിയാഴ്ച അർധ രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
60 ലേറെ മുറിവുകൾ യുവാവിന്റെ ദേഹത്തുണ്ട്. 15 വെടിയുണ്ടകൾ ഹൃദയം, ശ്വാസകോശങ്ങൾ, രക്തധമനികൾ, വൃക്കകൾ, സ്പീൻ, കരൾ, കുടൽ, വാരിയെല്ല് എന്നിവിടങ്ങളിൽ ഗുരുതര പരിക്കുകളാണ് ഉണ്ടാക്കിയത്. 17 വെടിയുണ്ടകളേറ്റ് ജനനേന്ദ്രിയവും തുടയും തകർന്നിട്ടുണ്ട്. മൂത്രസഞ്ചിക്ക് ഗുരുതര പരിക്കുണ്ട്. മുഖത്തേറ്റ ഒരു വെടിയിൽ താടിയെല്ല് തകർന്നു. എട്ടെണ്ണം ഇടതു കൈയിലും അഞ്ചെണ്ണം കാൽമുട്ട്, വലതുകാൽ, കാൽപാദം എന്നിവിടങ്ങളിലും ഏറ്റിട്ടുണ്ട്.
യുവാവിന്റെ വാഹനത്തിൽ നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ടെന്നും വാഹനം ഓടിക്കുന്നതിനിടെ വെടിവെച്ചുവെന്നുമാണ് അധികൃത ഭാഷ്യം.
എന്നാൽ പൊലീസിന്റെ കാമറ ദൃശ്യങ്ങളിൽ തന്നെ ജയ്‍ലാന്റ് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുന്നതും പൊലീസ് നിരവധി തവണ വെടിവെക്കുന്നതും മാത്രമാണ് ഉള്ളത്. എന്താണ് യുവാവ് ചെയ്ത ഗുരുതരകുറ്റം എന്ന് വിഡിയോയിൽ വ്യക്തമല്ല. പൊലീസ് വെടിയുതിർക്കുമ്പോൾ യുവാവ് നിരായുധനാണ്. അത് പൊലീസ് കാമറകൾ തന്നെ വ്യക്തമാക്കുന്നുണ്ട്.
യുവാവിന്റെ വാഹനത്തിൽ നിന്ന് തിരനിറക്കാത്ത തോക്കും വെടിയുണ്ടകളും വിവാഹ ബാന്റും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
എട്ട് ഉദ്യോഗസ്ഥരാണ് യുവാവിനെ വെടിവെച്ചത്. ഏഴ്പേർ വെളുത്ത വംശജരും ഒരാൾ കറുത്തവംശജനുമാണ്. സംഭവത്തിൽ ഉൾപ്പെട്ട എട്ടുപേരോടും വകുപ്പ് തല നടപടിയുടെ ഭാഗമായി അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. കറുത്ത വംശജരുടെ സംഘടന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.
യു.എസിൽ പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന വെടിവെപ്പ് കൊലകളിൽ ശിക്ഷിക്കപ്പെടുന്നത് അപൂർവമാണ്. എങ്കിലും കഴിഞ്ഞ വർഷം ഏപ്രിലിൽ 20 കാരനായ ദന്തെ റൈറ്റിനെ വെടിവെച്ചുകൊന്ന മിന്നസോട്ട പൊലീസ് ഉദ്യോഗസ്ഥനും ഈ ഏപ്രിലിൽ 26കാരനായ പാട്രിക് ല്യോയയെ വെടിവെച്ചുകൊന്ന മിഷിഗൻ ഓഫീസർക്കും എതിരെ കൊലപാതകക്കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. ഇൗ രണ്ട് സംഭവങ്ങളും ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.