ധാക്ക: പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരായ ജനകീയ പ്രക്ഷോഭത്തിനിടെ മൗനം പാലിച്ചതിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ശാക്കിബുൽ ഹസൻ നിരുപാധികം ക്ഷമാപണം നടത്തി. ക്രിക്കറ്റിൽ നിന്നുള്ള വിടവാങ്ങൽ കൂടി സൂചിപ്പിക്കുന്നതാണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വൈകാരിക കുറിപ്പ്.
‘വിവേചന വിരുദ്ധ പ്രസ്ഥാനം നേതൃത്വം നൽകിയ ജനകീയ പ്രക്ഷോഭത്തിൽ രക്തസാക്ഷിയാകുകയോ പരിക്കേൽക്കുകയോ ചെയ്ത എല്ലാ വിദ്യാർഥികൾക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ ആഗ്രഹിക്കുന്നു’വെന്ന് ശാക്കിബ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു. ‘ഒരു ത്യാഗത്തിനും പ്രിയപ്പെട്ട ഒരാളുടെ നഷ്ടം നികത്താൻ കഴിയില്ല. ഒരു കുഞ്ഞിനെയോ സഹോദരനെയോ നഷ്ടപ്പെട്ടതിന്റെ ശൂന്യത നികത്താൻ യാതൊന്നിനും കഴിയില്ല. ഈ നിർണായക ഘട്ടത്തിൽ എന്റെ നിശബ്ദതയിൽ വേദനിച്ചവരോട്, ഞാൻ നിങ്ങളുടെ വികാരങ്ങളെ മാനിക്കുകയും ആത്മാർഥമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, ഞാനും അസ്വസ്ഥനാകുമായിരുന്നു’വെന്നും വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് അട്ടിമറിക്കപ്പെട്ട ഹസീന സർക്കാറിലെ പാർലമെന്‍റ് അംഗം കൂടിയായിരുന്ന ഓൾറൗണ്ടർ എഴുതി.
ബംഗ്ലാദേശിനായി 71 ടെസ്റ്റുകൾ കളിച്ച 37കാരൻ, അടുത്തിടെ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരക്കിടെ നിലവിലെ ഭരണകൂടം തനിക്ക് സുരക്ഷാ കവചം ഒരുക്കുമെങ്കിൽ തന്റെ അവസാന ടെസ്റ്റ് മത്സരം ബംഗ്ലാദേശിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റിന് ശേഷം അദ്ദേഹം യു.എ.ഇയിലേക്ക് പറന്നു.
ഒരു കൊലപാതകക്കേസിൽ ആരോപണവിധേയനാണ് ശാക്കിബ്. രാജ്യത്തെ പ്രക്ഷോഭത്തിനിടെ ഒരു വിദ്യാർഥിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. എന്നാൽ, ആ സമയത്ത് ശാക്കിബ് കാനഡയിൽ ടി20 ലീഗ് കളിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ പുതിയ പ്രസിഡന്‍റ് ഫാറൂഖ് അഹമ്മദ് ബി.സി.ബി ഒരു സുരക്ഷാ ഏജൻസിയല്ലെന്നും അദ്ദേഹത്തിന് ഒരു പരിരക്ഷയും ഉറപ്പുനൽകാൻ കഴിയില്ലെന്നും പറഞ്ഞു ഷാക്കിബിന്റെ അഭ്യർഥന നിരസിച്ചിരുന്നു. അതേസമയം, രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാൽ അദ്ദേഹത്തിന് സുരക്ഷ നൽകാമെന്ന് സർക്കാറിന്‍റെ കായിക ഉപദേഷ്ടാവ് ആസിഫ് മഹമൂദ് പറഞ്ഞു.
ഇതേതുടർന്നാണ് ശാക്കിബ് ക്ഷമാപണവുമായി എത്തിയത്. ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ തന്റെ ലക്ഷ്യം ജന്മനാടായ മഗുരയുടെ വികസനമാണെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുൻ താരം വ്യക്തമാക്കി. മഗുര മണ്ഡലത്തിൽ നിന്നുള്ള പാർലമെന്‍റ് അംഗമായിരുന്നു ശാക്കിബ്. ‘നിങ്ങൾക്കറിയാവുന്നതുപോലെ ബംഗ്ലാദേശിൽ പ്രത്യേക പങ്കാളിത്തമില്ലാതെ ഒരാളുടെ പ്രദേശത്തിന്റെ വികസനത്തെ നേരിട്ട് സ്വാധീനിക്കുക എന്നത് ബുദ്ധിമുട്ടാണ്. ഈ പ്രദേശം വികസിപ്പിക്കാനുള്ള എന്റെ ആഗ്രഹമാണ് എം.പിയാകാൻ പ്രേരിപ്പിച്ചത്. എങ്കിൽപോലും എന്റെ പ്രാഥമിക ഐഡന്‍റിറ്റി ബംഗ്ലാദേശിന്റെ ക്രിക്കറ്റ് കളിക്കാരനെന്നതാണ്. ഞാൻ എവിടെയായിരുന്നാലും ഏത് സ്ഥാനത്തായാലും ക്രിക്കറ്റിനെ എന്റെ ഹൃദയത്തിൽ വഹിച്ചിട്ടുണ്ട്.-ശാക്കിബ് വ്യക്തമാക്കി.
‘ഉടൻതന്നെ എന്റെ അവസാന മത്സരം കളിക്കുമെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം... ചുറ്റുമുള്ള എല്ലാവരോടും എനിക്ക് വിട ചോദിക്കണം. ആ നിമിഷത്തിൽ കൂടുതൽ നന്നായി കളിക്കാൻ എന്നെ പ്രേരിപ്പിച്ചവരുടെ കൈപിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നന്നായി കളിച്ചപ്പോൾ ആഹ്ലാദിച്ചവരുടെയും കളിക്കാത്തപ്പോൾ ഈറനണിഞ്ഞവരുടെയും കണ്ണുകൾ കാണാൻ ആഗ്രഹിക്കുന്നു. ഈ വിടവാങ്ങൽ നിമിഷത്തിൽ നിങ്ങൾ എല്ലാവരും എന്നോടൊപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഒരുമിച്ച് നമ്മൾ ഈ കഥ അവസാനിപ്പിക്കും. സത്യത്തിൽ ഞാനല്ല, നിങ്ങളെല്ലാവരും താരങ്ങളായ ഈ കഥ’ എന്ന വൈകാരികമായ കുറിപ്പോടെയാണ് ക്ഷമാപണം അവസാനിപ്പിച്ചത്. മിർപൂരിലെ തന്റെ പ്രിയപ്പെട്ട ‘ഷേർ ഇ ബംഗ്ലാ’ സ്റ്റേഡിയത്തിൽ അദ്ദേഹത്തിന് യാത്രയയപ്പ് ലഭിക്കുമെന്നത് ഈ പരസ്യ ക്ഷമാപണത്തോടെ ഉറപ്പായി.
ജൂണിൽ നടന്ന ലോകകപ്പിന് ശേഷം ട്വന്റി20യോട് അദ്ദേഹം വിടപറഞ്ഞിരുന്നു. ഒക്ടോബർ 21 ന് മിർപൂരിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിനുശേഷം ചിറ്റഗോംഗിൽ രണ്ടാം ടെസ്റ്റ് നടക്കും. എന്നാൽ, ശാക്കിബ് ആദ്യ മത്സരം കളിക്കുമെന്നും പിന്നീട് യു.എസിലേക്ക് പറക്കുമെന്നും അവിടെ ഭാര്യക്കും മൂന്ന് കുട്ടികൾക്കുമൊപ്പം സ്ഥിരതാമസമാക്കുമെന്നുമാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.